
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസായ നന്തൻകോട് കൂട്ടക്കൊല കേസിൽ ഇന്നിതാ വിധി വരികയാണ്. നാടിനെ നടുക്കിയ കൂട്ടക്കൊലപാതകത്തിൽ, കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവ പ്രതിയായ കേദൽ ജെൻസൻ രാജ ചെയ്തതായി കോടതിക്ക് ബോധ്യപ്പെട്ടു. ആത്മാവിനെ ശരീരത്തിൽനിന്നു വേർപെടുത്തുമെന്നു വിശ്വസിക്കപ്പെടുന്ന ‘ആസ്ട്രൽ പ്രൊജക്ഷൻ’ കഥ മെനഞ്ഞാണ് പ്രതി കേസിനെ വഴി തിരിച്ച് വിടാൻ നോക്കിയത്.
കൂടു വിട്ടു കൂടുമാറ്റം എന്നൊക്കെ പറയാവുന്ന ഒരുതരം ബ്ലാക്ക് മാജിക് ആണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. ഭൗതിക ശരീരം ഒരു സ്ഥലത്ത് നില്‍ക്കുന്നുണ്ടെങ്കിലും സൂക്ഷ്മ ദേഹം അഥവാ ആത്മാവ് വേറെയെവിടെയൊക്കെയോ സഞ്ചരിക്കുകയാണെന്ന് തോന്നുന്ന അവസ്ഥ. അല്ലെങ്കില്‍ ഒരാള്‍ക്ക് ഒരേ സമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലെത്തിച്ചേരാന്‍ കഴിയുക. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആളുകള്‍ ഇതൊക്കെ വിശ്വസിക്കുന്നു എന്നതിന് തെളിവാണ് നന്തൻകോട് കേസ്. ആത്മാവിനെ ശരീരത്തിൽനിന്നു മോചിപ്പിച്ചു മറ്റൊരു ലോകത്തേക്ക് എത്തിക്കാനുള്ള ആസ്ട്രൽ പ്രൊജക്‌ഷൻ പരീക്ഷണമാണ് താൻ നടത്തിയതെന്നായിരുന്നു കേഡലിന്റെ ആദ്യ മൊഴി.
ആസ്ട്രൽ എന്ന വാക്കിനു നക്ഷത്രമയം എന്നാണ് അർഥം. താന്ത്രിക വിദ്യയിലേതുപോലെയുള്ള മാർഗങ്ങളാണ് ഇതു പരിശീലിക്കുന്ന സാത്താൻ സേവക്കാരും പ്രയോഗിക്കുന്നത്. ആസ്ട്രൽ പ്രൊജക്‌ഷൻ പരീക്ഷണത്തിൽ വിജയിച്ചാൽ വിശാലമായതും മറ്റുള്ളവർക്കു കാണാൻ പറ്റാത്തതുമായ കാഴ്ചകൾ കാണാനാകുമെന്നാണ് വിശ്വാസം. വ്യക്തികളുടെ ആത്മാവിനെ ഇതുവഴി സ്പർശിക്കാനാകുമെന്നും ഇത് പ്രയോഗിക്കുന്നവർ പ്രചരിപ്പിക്കുന്നു.
ആസ്ട്രല്‍ പ്രോജക്ഷന്‍ അഥവാ ഡ്രീം യോഗയില്‍ വര്‍ഷങ്ങളായി അകപ്പെട്ടു പോയവരുണ്ട്. ഉന്മാദത്തിന്റെ അവസ്ഥയില്‍ തുടങ്ങി എന്തോ വലിയ സംഭവമാണെന്ന് ചിന്തിച്ചുകൂട്ടി ഉണ്ടാക്കുന്ന മാനസികാവസ്ഥയാണ് അത്. യോഗയും മെഡിറ്റേഷനും പോലെ ഏഴ് സ്‌റ്റെപ്പുകള്‍ ആദ്യം അഭ്യസിക്കണം എന്നു പറഞ്ഞാണ് ഇതിന്റെ പ്രചാരകര്‍ ഇരകളെ വീഴ്ത്തുന്നത്. ഉന്മാദം ഭ്രാന്തും കടന്നു വികസിക്കുന്നതോടെ കൊലപാതകം വരെ ചെയ്യാവുന്ന മാനസികാവസ്ഥയില്‍ എത്തുന്നു. ഇത് പഠിപ്പിക്കുന്ന പല വെബ്സൈറ്റുകളും ഇന്ന് കാണാൻ സാധിക്കും.
ആസ്ട്രൽ പ്രൊജക്ഷൻ നടത്തിയ വ്യക്തിക്ക് അതിഭയങ്കരമായ ഊർജവും ധൈര്യവും കിട്ടും, ഒരുവിധ ശക്തിക്കും അയാളെ തൊടാനാകില്ല, ഈ അവസ്ഥയിൽ ഇഷ്ടമുള്ളിടത്തേക്കു പറക്കാനാകും, ആസ്ട്രൽ ട്രാവൽ എന്നാണിത് അറിയപ്പെടുന്നത്, ഇഷ്ടത്തിനനുസരിച്ച് ലോകത്തെ മാറ്റാനാകുമെന്നും വിശ്വസിപ്പിക്കും എന്നൊക്കെയാണ് ഇവർ വിശ്വസിക്കുന്നത്.
മധ്യകാലത്തിലും മറ്റുമുണ്ടായിരുന്ന താന്ത്രിക ആചാരമായിരുന്നു ഇതെന്നാണ് ഇവരുടെ അവകാശവാദം. കേരളത്തില്‍ നിലനിന്നിരുന്ന ഒടിവിദ്യയെല്ലാം ഇതിന്റെ മറ്റു രൂപങ്ങള്‍ ആണെന്നും ഇവർ പറയപ്പെടുന്നു+. ഇവയെല്ലാം ക്രിമിനല്‍ മനസ്സുള്ള ചിലര്‍ പണം സമ്പാദിക്കാനും മറ്റുവിധത്തിലുള്ള ചൂഷണത്തിനുമായി ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗങ്ങളാണെന്ന് ചരിത്രം തെളിയിക്കുകയും ചെയ്തതാണ്. വിദ്യാഭ്യാസവും ലോകപരിചയവും നേടിയവരെല്ലാം ഇതിനെ മറന്ന് യാത്ര തിരിച്ചപ്പോൾ പുതിയ തലമുറ ഇതിനെ മറ്റൊരു രീതിയിൽ ഏറ്റെടുത്ത് കഴിഞ്ഞു. കേരളത്തിന്റെ പല പ്രാന്തപ്രദേശങ്ങളിലും ഇന്നും ബ്ലാക്ക് മാജിക് പോലെയുള്ള ആചാരങ്ങള്‍ നടന്നുവരുന്നുണ്ടെന്നാണ് വിവരങ്ങള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

