പ്രതിസന്ധിഘട്ടങ്ങളിൽ നരേന്ദ്ര മോദി ഒളിച്ചോടുന്നു: ബൃന്ദ കാരാട്ട്.

പ്രതിസന്ധിഘട്ടങ്ങളിൽ നിന്ന്‌ ഒളിച്ചോടുന്ന നയം തിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന്‌ സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട്. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചു വരുന്ന അക്രമങ്ങൾക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഐക്യനിര ഉദ്‌ഘാടനം ചെയ്യു കയായിരുന്നു അവർ. മണിപ്പൂരിലെ ജനങ്ങൾ കത്തിയമരുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്‌. ഡബിൾ എൻജിൻ ഭരണകൂടത്തിന്റെ പരാജയമാണ്‌ ഈ മൗനത്തിന്‌ കാരണം. രാജ്യം പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ അമേരിക്കയിൽ യോഗാദിനം ആചരിക്കുകയാണ്‌ പ്രധാനമന്ത്രി എന്നും ബൃന്ദ കുറ്റപ്പെടുത്തി.

Also Read; കേരളസർവ്വകലാശാല വിസി പഠിച്ചത് ഒരേ സമയം രണ്ട് യൂണിവേഴ്സിറ്റികളിൽ ; കൈരളി ന്യൂസ് ബിഗ് ബ്രേക്കിംഗ്

മണിപൂരിലെന്ന പോലെ അസമിലും ചത്തീസ്ഗഡിലും ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമം വർധിക്കുകയാണ്‌. മണിപ്പൂരിൽ ക്രിസ്‌ത്യനികൾക്കെതിരെയാണ്‌ അക്രമമെങ്കിൽ അസാമിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെയാണ്‌ ഹിന്ദുത്വ തീവ്രവാദികൾ അക്രമം അഴിച്ചുവിടുന്നത്‌. ക്രിസ്‌തുമതത്തിലേക്ക്‌ മാറിയ ആദിവാസി വിഭാഗങ്ങളാണ്‌ ചത്തീസ്ഗഡിൽ ഇരകളാക്കപ്പെടുന്നത്‌. എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ ചത്തീസ്ഗഡ്‌ ഭരിക്കുന്ന കോൺഗ്രസ്‌ സർക്കാരും മുതിരുന്നില്ല. റബ്ബറിന്‌ കിലോയ്‌ക്ക്‌ 300 രൂപ നൽകിയാൽ അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വോട്ട്‌ നൽകാമെന്ന്‌ പറയുന്ന കേരളത്തിലെ പുരോഹിതർ ഛത്തീസ്‌ഗഡിലെയും മണിപ്പൂരിലെയും ക്രിസ്‌ത്യൻ സമൂഹം നേരിടുന്ന പ്രതിസന്ധികൾ കൺതുറന്നുകാണണമെന്നും ബൃന്ദ കാരാട്ട്‌ പറഞ്ഞു. സ്‌ത്രീകളെ ഉൾപ്പെടെ അക്രമിക്കുന്ന സംഘപരിവാർ അജണ്ടയ്‌ക്കെതിരെ ഇന്ത്യയിലെ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കണം എന്നും അവർ ആവശ്യപ്പെട്ടു.

‌കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഏകീകൃത സിവിൽകോഡ്‌ തുല്യത ഉറപ്പുവരുത്തുന്ന ഒന്നല്ല, മറിച്ച്‌ അനീതിയും അസമത്വവുമാണ്‌ ഏകീകൃതമായി മാറുന്നത്‌. വ്യക്തിനിയമങ്ങളിലും ഓരോ മതത്തിനകത്തുമുള്ള നിയമങ്ങളിൽ സ്‌ത്രീകൾക്കനുകൂലമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരികയാണ്‌ വേണ്ടത്‌. സ്‌ത്രീവിരുദ്ധമായ അംശങ്ങൾ ഒഴിവാക്കി തുല്യത ഉറപ്പുവരുത്തുകയാണ്‌ വേണ്ടതെന്നും ബൃന്ദ കൂട്ടിച്ചേർത്തു.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി അധ്യക്ഷയായി. അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറി സി എസ് സുജാത, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ പി സുമതി, എൻ സുകന്യ, പി കെ സൈനബ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ആർ വിജയ, ടി വി അനിത, ഇ പത്മാവതി, മേരി തോമസ്, ജില്ലാ പ്രസിഡന്റ് ഗിരിജാദേവി, സെക്രട്ടറി ഉഷ പ്രഭുകുമാർ എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News