‘സമയോചിതമായി ഇടപെട്ടുവത്രേ..!’; മണിപ്പൂരിനെ സംരക്ഷിച്ചുവെന്ന അവകാശവാദവുമായി മോദി

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മണിപ്പൂരിനെ സംരക്ഷിച്ചുവെന്ന അവകാശ വാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കലാപം ആരംഭിച്ച ശേഷം ഒരു ദിവസം പോലും മണിപ്പുരില്‍ സന്ദര്‍ശനം നടത്താത്ത മോദി, അസമില്‍ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സമയോചിതമായി ഇടപെട്ടുവെന്ന് അവകാശപ്പെട്ടത്. ഒരു വര്‍ഷമായി തുടരുന്ന മണിപ്പുരിലെ വര്‍ഗീയ കലാപത്തില്‍ ഇരുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട മണിപ്പൂര്‍ കലാപം. ഇരുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. നിരവധി സ്ത്രീകള്‍ കൂട്ടമാനഭംഗത്തിനിരയായി. സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ വലിച്ചിഴച്ചു. സ്ത്രീകളും കുട്ടികളും അഭയാര്‍ത്ഥി ക്യാമ്പുകളിലെ അന്തേവാസികളായി മാറി. കലാപം അവസാനിപ്പിക്കാന്‍ ഇതുവരെയും ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് കഴിഞ്ഞിട്ടില്ല.

കലാപം ആളിക്കത്തിയിട്ടും ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും മൗനമായിരുന്നു മണിപ്പുര്‍ വിഷയത്തില്‍ മോദി സ്വീകരിച്ചത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ആദ്യമായ മോദി പ്രതികരിക്കുകയാണ്. മണിപ്പുരിലെ രക്ഷിച്ചുവെന്നാണ് നരേന്ദ്രമോദിയുടെ അവകാശ വാദം.

Also Read : തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളെ ആക്ഷേപിച്ച സംഭവം; എന്തുകൊണ്ട് ഷാഫി പറമ്പില്‍ നിലപാട് പറയുന്നില്ലെന്ന് എല്‍ഡിഎഫ്

അസം ട്രിബ്യൂണ്‍ എന്ന ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മണിപ്പുരില്‍ സമയോചിതമായി ഇടപെട്ടുവെന്ന് അവകാശപ്പെട്ടത്. മണിപ്പുരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്വീകരിച്ച നടപടികളെയും മോദി പ്രശംസിക്കുന്നു. സൂഷ്മമായാണ് മണിപ്പുര്‍ വിഷയം കൈകാര്യം ചെയ്തത്. സാധ്യമായതെല്ലാം ചെയ്യാന്‍ കഴിഞ്ഞുവെന്നും നരേന്ദ്ര മോദി പ്രതികരിച്ചു. ബിജെപി ഭരണത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ വികസനപാതയിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ മണിപ്പുര്‍ പരാമര്‍ശവും.

ഇന്നും കലാപം തുടരുന്ന മണിപ്പുരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പോലും ബിജെപി സര്‍ക്കാരിന് നടത്താന്‍ കഴിഞ്ഞിട്ടില്ല. കലാപത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ ഏറ്റെടുത്തിട്ടും ഒരു കേസില്‍ പോലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയും മണിപ്പുരില്‍ കലാപം തുടരുന്നതായി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയതും. ഇതിന് പിന്നാലെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തിരിച്ചടി ഭയന്ന് മണിപ്പുര്‍ കലാപത്തെയും അധികാര നേട്ടമായി മോദി ഉയര്‍ത്തിപ്പിടിക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here