
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യത്തിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് ബുധനാഴ്ച വൈകീട്ട് 6.24-നാണ് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 3.24) വിക്ഷേപണം നടക്കുക. നാലു ബഹിരാകാശ സഞ്ചാരികൾ ഉൾപ്പെട്ട സംഘമാണ് പോകുന്നത്. നാസയുടെ റീഡ് വൈസ്മാൻ (കമാൻഡർ), വിക്ടർ ഗ്ലോവർ (മിഷൻ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷൻ സ്‌പെഷ്യലിസ്റ്റ്) കാനഡയുടെ ജെറെമി ഹാൻസൺ (മിഷൻ സ്‌പെഷ്യലിസ്റ്റ്) എന്നിവരാണ് ആർട്ടെമിസ്-II ലെ സഞ്ചാരികൾ.
ചന്ദ്രൻറെ ഭ്രമണപഥത്തിലെത്തുന്ന ഓറിയോൺ പേടകം ഒരു തവണ ചന്ദ്രനെ വലം വയ്ക്കും. ഭൂമിയിൽ നിന്ന് 400171. 43 കി.മീ. ദൂരം ആണ് ദൗത്യസംഘം സഞ്ചരിക്കുക. ഭൂമിയിൽ നിന്ന് ചന്ദ്രനടുത്തേക്കും തിരിച്ചുമായി ആകെ 11,02400.64 കിമീ ദൂരം ആകും പേടകം സഞ്ചരിക്കുക. നാസയുടെ സെൻഡ് യുവർ നെയിം ടു ദി മൂൺ ക്യാമ്പയിനിലൂടെ ശേഖരിച്ച ലോകമെമ്പാടുമുള്ള 56 ലക്ഷത്തിലധികം ആളുകളുടെ പേരുകൾ അടങ്ങിയ ഡിജിറ്റൽ ആർക്കൈവും ദൗത്യ സംഘം കൂടെ കൊണ്ടു പോകുന്നുണ്ട്. ഏപ്രിൽ 10ന് പേടകം പസഫിക് സമുദ്രത്തിൽ തിരികെ എത്തുന്ന വിധത്തിലാണ് ദൗത്യം ക്രമീകരിച്ചിരിക്കുന്നത്. 2028-ലെ ആർട്ടെമിസ്-3 ദൗത്യത്തിലാകും മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

