
സൂംബ ഡാൻസ് നിര്‍ബന്ധമില്ലെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമെന്ന് സമസ്ത യുവജന വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായി. സൂംബാ വിഷയം പർവ്വതീകരിച്ച് സംഘർഷ നിലപാട് സ്വീകരിക്കേണ്ടതില്ലെന്ന് കെ എൻ എം പ്രസിഡന്‍റ് ടി പി അബ്ദുള്ളക്കോയ മദനിയും വ്യക്തമാക്കി. വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് മുൻ നിലപാടിൽ നിന്ന് സമസ്ത യുവജന വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായ് പിന്നോട്ട് പോയത്. സൂംബ ഡാൻസ് നിര്‍ബന്ധമില്ലെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഫേസ്ബുക്കിൽ കുറിച്ചു.
സര്‍ക്കാര്‍ നിര്‍ദേശമാണെന്നു പറഞ്ഞ് ചില സ്‌കൂള്‍ അധികൃതര്‍ സൂംബാ ഡാന്‍സ് നിര്‍ബന്ധമാക്കുന്നുണ്ട്. ഇത് ഒഴിവാക്കണം. അല്പവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബാ ഡാൻസ് എന്നായിരുന്നു നാസർ ഫൈസി കൂടത്തായിയുടെ മുൻ നിലപാട്.
മുസ്ലീം ലീഗ് അടക്കം അഴ കൊഴമ്പൻ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് സമസ്ത സെക്രട്ടറിയുടെ നിലപാട് മാറ്റം എന്നതും ശ്രദ്ധേയമാണ്. ലഹരിക്കെതിരായ പ്രചാരണത്തിൻ്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾ വലിയ നിലയിൽ സൂംബ ഡാൻസ് ഏറ്റെടുത്തിരുന്നു. എല്ലാവരും ഇത് അംഗീകരിക്കുന്ന നിലയും വന്നു. മതങ്ങളെ ഭിന്നിപ്പിക്കുന്ന ശക്തികൾക്ക് ബലം നൽകുന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും സൂംബയെ ഭാവനയ്ക്ക് അനുസരിച്ച് തിരിച്ചറിവില്ലാതെ വർണിച്ചാണ് വിവാദം ഉണ്ടാക്കിയതെന്നും കെ എൻ എം സംസ്ഥാന പ്രസിഡന്‍റ് ടി പി അബ്ദുല്ലക്കോയ മദനി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here