
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ വിവാദമായ വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയിൽ പാർലമെന്റിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. “വോട്ടർപട്ടിക സുതാര്യമല്ലെങ്കിൽ ജനാധിപത്യം അട്ടിമറിക്കപ്പെടുമെന്നും ജനാധിപത്യത്തെ രക്ഷിക്കാൻ വേണ്ടിയുള്ള സമരവുമായി പ്രതിപക്ഷം ശക്തമായി മുന്നോട്ട് പോകുമെന്നും” ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. ഇന്ത്യാ സഖ്യ എംപിമാരുടെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജനാധിപത്യം അട്ടിമറിക്കപ്പെടാതിരിക്കാൻ ആണ് പ്രതിപക്ഷം ഈ വിഷയം സഭയിൽ ഉന്നയിച്ചതെന്നും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള വിഷയം ഉന്നയിക്കാൻ പാർലമെന്റിൽ സമ്മതിക്കുന്നില്ലെങ്കിൽ പാർലമെന്റിന്റെ ആവശ്യമില്ല” എന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നിലേക്ക് ആഗസ്ത് 11 ന് പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ : ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം; പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം
വാർത്ത സമ്മേളനത്തിൽ മല്ലികാർജുൻ ഖാർഗെ, കെ.സി വേണുഗോപാൽ, പി സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം വോട്ടര്‍ പട്ടിക പ്രതിഷേധത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചു . ഇരുസഭകളും രണ്ട് മണി വരെ നിര്‍ത്തിവച്ചു. രാജ്യസഭയില്‍ എസ്‌ഐആര്‍ വിഷയത്തില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയെങ്കിലും അനുവദിച്ചില്ല. പാര്‍ലമെന്റ് കവാടത്തിലും പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

