
ആശ വർക്കർമാർക്ക് സമീപകാലത്ത് 10000 രൂപ ഓണറേറിയം പ്രഖ്യാപിച്ച സിക്കിമിന് ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്‌എം) പ്രകാരം കേന്ദ്രസർക്കാർ നൽകുന്നത് ആകെ ചെലവിന്റെ 90 ശതമാനം വിഹിതം. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് എൻഎച്ച്‌എം പ്രകാരം 60 ശതമാനം മാത്രം വിഹിതമാണ് കേന്ദ്രം നൽകുന്നത്. ഈ സമയത്താണ് വടക്കുകിഴക്കൻ സംസ്ഥാനമെന്ന നിലയിൽ സിക്കിമിന് 90 ശതമാനം വിഹിതവും അനുവദിക്കുന്നത്. ആശ ഓണറേറിയം അടക്കം എൻഎച്ച്‌എം ചെലവിന്റെ 10 ശതമാനം മാത്രമാണ് സിക്കിം സർക്കാർ വഹിക്കുന്നത്.
സിക്കിമിൽ ആശമാരുടെ എണ്ണം 656 മാത്രമാണ്. കേന്ദ്രം നൽകുന്ന രണ്ടായിരം കുറച്ചാൽ ആശമാർക്ക് സിക്കിം സർക്കാർ നൽകുന്നത് പ്രതിമാസം വെറും എണ്ണായിരം രൂപ മാത്രവും. ഓണറേറിയത്തിനായി സംസ്ഥാനത്തിന്റെ പ്രതിമാസ ചെലവാകട്ടെ 5.25 ലക്ഷം രൂപ മാത്രം. വാർഷിക ചെലവാകട്ടെ ആകെ 63 ലക്ഷം രൂപയും. എൻഎച്ച്‌എമ്മിന്റെ 90 ശതമാനം വിഹിതവും കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന പശ്‌ചാത്തലത്തിൽ സംസ്ഥാനം കൂടുതൽ ഓണറേറിയം അനുവദിക്കണമെന്നാണ് സിക്കിമിലെ ആശ പ്രവർത്തകരുടെ ഇപ്പോഴത്തെ ആവശ്യം.
ALSO READ; ഭക്തിസാന്ദ്രം അനന്തപുരി; പണ്ടാര അടുപ്പിൽ തീ പകർന്നു, ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം
അതേസമയം, ആശ പ്രവർത്തകർക്ക് കേന്ദ്രം നൽകി വരുന്ന രണ്ടായിരം രൂപ പ്രതിമാസ പ്രതിഫലം വർധിപ്പിക്കുമെന്ന കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുടെ പാർലമെന്റിലെ പ്രസ്‌താവനയും തെറ്റിദ്ധരിപ്പിക്കലാണോയെന്ന സംശയം ശക്തമാവുകയാണ്. പാർലമെന്റിൽ നിരവധി എംപിമാർ ആശമാരുടെ പ്രതിഫലം ഉയർത്താൻ കേന്ദ്രസർക്കാർ തയ്യാറാകുമോയെന്ന ചോദ്യം ഉന്നയിച്ചിരുന്നു. ആരോഗ്യമന്ത്രാലയം നൽകിയ ഒരു മറുപടിയിലും പ്രതിഫലം ഉയർത്തുമെന്ന് പറഞ്ഞിട്ടില്ല. പകരം ആശമാർക്ക് നൽകി വരുന്ന വിവിധ ഇൻസന്റീവുകളെക്കുറിച്ച് വിശദീകരിക്കുക മാത്രമാണ് ചെയ്‌തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here