കാസർഗോഡ്-തിരുവനന്തപുരം ആറുവരിപ്പാത കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്നത് എങ്ങനെ?

കേരളത്തിന്‍റെ തെക്കുമുതൽ വടക്കുവരെയുള്ള ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. കാസർഗോഡ് തലപ്പാടി മുതൽ തിരുവനന്തപുരം മുക്കോല വരെ 643.29 കിലോമീറ്റർ ദൂരമാണ് ആറുവരിയായി വികസിപ്പിക്കുന്നത്. 24 റീച്ചുകളിലായാണ് 45 മീറ്റർ വീതിയിൽ ഇരുവശത്തും സർവീസ് റോഡുകളുമായി ദേശീയപാതാ വികസനം നടന്നുവരുന്നത്. ഈ വർഷം ഡിസംബറോടെ എൻഎച്ച് 66 ആറുവരിപ്പാതയായി മാറും. ഇതിനോടകം പണി പൂർത്തിയായ ഭാഗങ്ങൾ ഗതാഗതത്തിന് തുറന്നുനൽകിയിട്ടുണ്ട്. 2016ൽ കേരളത്തിൽ അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാരിന്‍റെ ഇച്ഛാശക്തിയാണ് ദേശീയപാതാ വികസനം യാഥാർഥ്യമാക്കിയത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി സ്ഥലമേറ്റെടുക്കലിനുള്ള ചെലവ് വഹിക്കാൻ കേരളം തയ്യാറായതുകൊണ്ട് മാത്രമാണ് ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിക്കുന്ന പ്രവർത്തനം ഇവിടെ ആരംഭിക്കാൻ കഴിഞ്ഞതെന്നതും ശ്രദ്ധേയമാണ്.

പത്തുമണിക്കൂർ വരെ ലാഭിക്കാം

ഒമ്പത് ജില്ലകളിലൂടെ കടന്നുപോകുന്ന എൻഎച്ച് 66 ആറുവരിയാകുന്നതോടെ തിരുവനന്തപുരം-കാസർഗോഡ് യാത്രാസമയത്തിൽ പത്തുമണിക്കൂർ വരെ ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ റോഡ് മാർഗം യാത്ര ചെയ്യാൻ 17 മണിക്കൂർ എടുക്കും. ദേശീയപാത 66 ആറുവരിയാകുന്നതോടെ യാത്രാസമയം ഏഴ്-എട്ട് മണിക്കൂറായി ചുരുങ്ങും. 1.12 കിലോമീറ്റർ ദൈർഘ്യമുള്ള ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒറ്റത്തൂൺ പാലം കാസർഗോട്ടെ തലപ്പാടി-ചെങ്കള റീച്ചിൽ നിർമാണം അവസാനഘട്ടത്തിലാണ്. റോഡ് യാത്രികരുടെ ഭീതിസ്വപ്നമായിരുന്ന മലപ്പുറം വളാഞ്ചേരിയിലെ വട്ടപ്പാറ വളവ് ഇല്ലാതായി, പകരം, സംസ്ഥാനത്തെ ഏറ്റവും വലിയ വയഡക്ട് മേൽപ്പാലം വരുന്നുവെന്ന സവിശേഷതയുമുണ്ട്. ആലപ്പുഴ ജില്ലയിൽ അരൂർ-തുറവൂർ മേൽപ്പാത, രാജ്യത്തെ തന്നെ ഏറ്റവും നീമുള്ള ഒറ്റത്തൂൺ ആറുവരിപ്പാതയായി ഇത് മാറും.

സമസ്തമേഖലയിലും വൻവികസനം

തെക്കുവടക്കു യാത്രയ്ക്ക് വേഗം കൂടുന്നതോടെ കേരളത്തിലെ സമസ്തമേഖലയിലും വൻതോതിലുള്ള വികസനം കടന്നുവരും. ടൂറിസം മേഖലയായിരിക്കും ദേശീയപാതാ വികസനത്തിന്‍റെ ഏറ്റവും വലിയ ഗുണഭോക്താവായി മാറുക. ദേശീയപാതയ്ക്ക് സമാന്തരമായി തീരദേശ ഹൈവേയും മലയോര ഹൈവേയും ഒരുങ്ങുന്നതോടെ വിവിധ ടൂറിസം കേന്ദ്രങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയ്ക്ക് വേഗമേറും. ഇതിനോടകം അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധിയാർജിച്ച കേരള ടൂറിസത്തെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ ദേശീയപാതാ വികസനം സഹായിക്കും.

കേരളത്തിലെ ബീച്ചുകൾ, കായലുകൾ, ഹിൽ സ്റ്റേഷനുകൾ, സാംസ്കാരിക പൈതൃകം എന്നിവ ഉൾപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് എല്ലാ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരാണ് എത്തുന്നത്. മെച്ചപ്പെട്ട യാത്രാസൌകര്യം സജ്ജമാകുന്നതോടെ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വളരെ വേഗം എത്തിച്ചേരാനാകും. ഇത് ആഭ്യന്തരവും അന്തർദേശീയവുമായ വിനോദസഞ്ചാരികൾക്ക് കേരളം കൂടുതൽ പ്രിയപ്പെട്ടതാക്കി തീർക്കും.

വാണിജ്യമേഖല കുതിച്ചുമുന്നേറും

കേരളത്തിന്‍റെ വികസനത്തിൽ അടുത്തകാലത്തായി വലിയ സംഭാവന നൽകുന്ന ഒന്നായി ഐടി, വ്യവസായം, വാണിജ്യം തുടങ്ങിയ മേഖലകൾ മാറി കഴിഞ്ഞു. ആറുവരിപ്പാത സംസ്ഥാനത്തുടനീളമുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വേഗത്തിലുള്ള ഗതാഗതം സുഗമമാക്കുന്നതിലൂടെ വാണിജ്യമേഖല കുതിച്ചുമുന്നേറും. ഇത് പ്രധാന വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുകയും പ്രധാന വ്യവസായ മേഖലകളിലെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൊച്ചി, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തുറമുഖങ്ങളിലേക്കും നേരിട്ടുള്ള കണക്റ്റിവിറ്റി ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാൻ ദേശീയപാതാ വികസനം സഹായിക്കും.

ദേശീയപാത ആറുവരിയാകുന്നതോടെ കേരളത്തിന്‍റെ വികസനത്തിൽ വൻതോതിൽ അടയാളപ്പെടുത്താൻ പോകുന്നത് ലോജിസ്റ്റിക്‌സ്, വിതരണ ശൃംഖല വ്യവസായ മേഖലയായിരിക്കും. ദേശീയപാതയിലൂടെ വേഗത്തിലുള്ള ചരക്കുനീക്കം ഗതാഗത സമയവും ചെലവും കുറയ്ക്കാൻ സഹായിക്കും. കൂടാതെ, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലായി ദ്രുതഗതിയിൽ വളരുന്ന സംസ്ഥാനത്തിൻ്റെ ഐടി മേഖല രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി മികച്ച ബന്ധം പുലർത്തുകയും സഹകരണം വർദ്ധിപ്പിക്കുകയും കൂടുതൽ നിക്ഷേപം ആകർഷിക്കുകയും ചെയ്യും. വിഴിഞ്ഞം, വല്ലാർപ്പാടം തുറമുഖങ്ങളുമായി ആറുവരിയാകുന്ന ദേശീയപാത 66 വേഗത്തിൽ കണക്ടിവിറ്റി ഉറപ്പാക്കുന്ന റോഡ് പദ്ധതികളും സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നുണ്ട്.

സമ്പദ് വ്യവസ്ഥയിൽ വലിയ ചലനങ്ങളുണ്ടാക്കും

ദേശീയപാതാ വികസനം കാർഷികമേഖലയിലും വലിയതോതിലുള്ള ചലനങ്ങളുണ്ടാക്കും. ചരക്കുനീക്കം വേഗത്തിലാകുന്നതോടെ കർഷകർക്ക് വിപണികളിലേക്കും വിതരണക്കാരിലേക്കും എളുപ്പത്തിൽ എത്താൻ കഴിയും. അതിൻ്റെ ഫലമായി ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മത്സരാധിഷ്ഠിത വില ലഭിക്കും. കാർഷിക ഉൽപന്നങ്ങളുടെ വേഗത്തിലുള്ള നീക്കം കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടും.

കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയിൽ ഉടനീളം വലിയ ചലനങ്ങളുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന ദേശീയപാതാ വികസനം 2025 ഡിസംബറിൽ പൂർത്തിയാകും. യാത്രാ-ചരക്കു ഗതാഗതത്തിന് വേഗം കൂടുന്നതോടെ കേരള വികസനത്തിലെ ഗെയിം ചേഞ്ചറായി ദേശീയപാത 66 മാറുമെന്ന കാര്യം ഉറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News