
പാലിയേക്കരയിലെ ടോൾ നിരക്ക് കുറയ്ക്കണമെന്നും സമഗ്ര ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ട് കെ രാധാകൃഷ്ണൻ എം പി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.
പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയതായി കെ. രാധാകൃഷ്ണൻ എം പി അറിയിച്ചു. ടോൾപ്ലാസയിലെ അന്യായമായ ടോൾ പിരിവ് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ നിതിൻ ഗഡ്കരിക്ക് കത്തു നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു.
എൻഎച്ച്എഐ ക്ക് അനുവദിച്ച ടോൾ പിരിവ് കരാർ 2028 വരെ നീട്ടിയത് പ്രതിഷേധാർഹമാണെന്നും ടോൾപ്ലാസ വഴി ദിവസം 50,000ലധികം വാഹനങ്ങൾ കടന്നു പോകുന്നുണ്ടെന്നും, വിദ്യാർത്ഥികളും രോഗികളും അടക്കമുള്ള ജനങ്ങൾ ദുരിതമനുഭവിക്കുന്നുണ്ടെന്നും എംപി കത്തിൽ പറഞ്ഞു.
ഹൈവേയ്ക്കായി കരാർ കമ്പനി ഇതിനകം 1600 കോടിയിലധികം രൂപ ടോൾ പിരിക്കുകയും ഇത് നിർമ്മാണ ചെലവായ 720 കോടി രൂപക്ക് മീതെയാണെന്നും എംപി ചൂണ്ടിക്കാട്ടി. ഹൈവേയുടെ വികസനത്തിന് വേണ്ടിയുള്ള ഭൂരിഭാഗം ഭൂമി കേരള സർക്കാർ കൈമാറിയതാണെന്നും, ടോൾ ചുമത്തുന്നത് പ്രദേശങ്ങളിലെ നാട്ടുകാരായ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നും എംപി വ്യക്തമാക്കി.
വ്യാപകമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഹൈക്കോടതി നാലാഴ്ചക്കാലത്തേക്ക് ടോൾ പിരിവ് താത്കാലികമായി നിർത്തുന്നതിനുള്ള ഇടക്കാല ഉത്തരവിറക്കിയത്. എന്നിട്ടും എൻഎച്ച്എഐ ഈ വിഷയത്തിൽ സ്ഥിരപരിഹാരം കണ്ട് നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് എംപി വിമർശിച്ചു.
ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം” എന്നും – എംപി ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

