
രാജസ്ഥാനിലെ ജലോർ ജില്ലയിൽ സ്കൂളിലെ താത്കാലിക ബോർഡ് തകർന്നുവീണ് ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം. മരുതർ ശിക്ഷൺ സൻസ്ഥാനെന്ന സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പ്രീതിയാണ് മരിച്ചത്. ഉച്ചഭക്ഷണ ഇടവേളയിൽ മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയുടെ ദേഹത്തേക്ക് സിമന്റ് കട്ടകളും ഫൈബറും ഉപയോഗിച്ച് നിർമ്മിച്ച ബ്ലാക്ക് ബോർഡും അതിന്റെ താങ്ങുഭിത്തിയും തകർന്ന് വീണത്.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്‌കൂളിലെ ക്ലാസ് മുറികളും വളരെ അപകടകരമായ രീതിയിലുള്ള താൽക്കാലിക നിർമ്മിതികളാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ALSO READ; പാവയ്ക്ക കറിയെച്ചൊല്ലി തർക്കം; മഹാരാഷ്ട്രയിൽ മകൻ അമ്മയെ തല്ലിക്കൊന്നു
അഞ്ച് മുതൽ ഏഴ് അടി വരെ ഉയരത്തിൽ സിമന്റ് കട്ടകൾ അടുക്കി വെച്ച ഭിത്തികൾക്ക് മുകളിൽ മുളകളും ടാർപോളിനും ഉപയോഗിച്ചാണ് മേൽക്കൂര പണിഞ്ഞിരിക്കുന്നത്. ആറ് വർഷമായി സ്കൂൾ ഈ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ രാജസ്ഥാനിലെ ഗ്രാമീണ മേഖലകളിലെ സ്കൂളുകളുടെ മോശം അവസ്ഥയെപ്പറ്റി വ്യാപക പരാതികളും ചർച്ചകളും ഉയർന്നു വന്നിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ കളക്ടർ പ്രദീപ് ഗാവന്ദെ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഒരു കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. ഇവർ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്കൂൾ മാനേജ്‌മെന്‍റിനെതിരെ നടപടിയുണ്ടാകും. രാജസ്ഥാനിൽ മുൻപും സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ ഝാലാവറിൽ സ്കൂൾ മേൽക്കൂര തകർന്ന് ഏഴ് വിദ്യാർത്ഥികൾ മരിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

