
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ ഗ്യാസ് വിതരണത്തെ ബാധിച്ചിട്ടും, വീടുകളിലേക്കുള്ള പാചകവാതകത്തിൻ്റെയും (പിഎൻജി) വാഹനങ്ങൾക്കുള്ള സിഎൻജിയുടെയും വില വർധിപ്പിക്കില്ലെന്ന് അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് (ATGL) അറിയിച്ചു. എന്നാൽ വൻകിട വ്യാവസായിക ഉപഭോക്താക്കൾക്കുള്ള വിതരണത്തിൽ കമ്പനി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വീടുകളിലേക്കും സിഎൻജി വാഹനങ്ങൾക്കും വിതരണം ചെയ്യുന്ന ഗ്യാസിൻ്റെ വിലയിൽ മാറ്റമുണ്ടാകില്ല. കമ്പനിയുടെ വിതരണത്തിൻ്റെ 70 ശതമാനവും ആഭ്യന്തര സ്രോതസുകളിൽ നിന്നായതിനാലാണ് വില വർധനവ് ഒഴിവാക്കാൻ സാധിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധം കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് എൽഎൻജി ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. ഇതിനാൽ വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾ അവരുടെ സാധാരണ കരാർ വിതരണത്തിൻ്റെ 40 ശതമാനമായി ഉപയോഗം പരിമിതപ്പെടുത്തണമെന്ന് കമ്പനി ആവശ്യപ്പെട്ടു.
40 ശതമാനം വരെയുള്ള ഉപയോഗത്തിന് പഴയ കരാർ നിരക്ക് (ശരാശരി 40 രൂപ) തന്നെ തുടരും. എന്നാൽ അതിൽ കൂടുതൽ ഉപയോഗിക്കുന്ന ഗ്യാസിന് സ്പോട്ട് മാർക്കറ്റ് നിരക്കായ 119 രൂപ നൽകേണ്ടി വരുമെന്നും കമ്പനി അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ എൽഎൻജി വില മുൻപത്തേക്കാൾ ഇരട്ടിയായി വർധിച്ചതാണ് (10 ഡോളറിൽ നിന്ന് 25 ഡോളറായി) ഇതിന് കാരണം. അതേസമയം തടസങ്ങൾക്കിടയിലും ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിച്ചുകൊണ്ട് തടസമില്ലാത്ത ഗ്യാസ് വിതരണം ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

