
സംഘപരിവാര്‍ സംഘടനയുടെ സവര്‍ക്കര്‍ പുരസ്കാരം സ്വീകരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും വാങ്ങില്ലെന്ന് അറിയിച്ച് ശശി തരൂര്‍ എം പിയുടെ ഓഫീസ് പ്രതികരിച്ചു. അവാര്‍ഡ് വാങ്ങുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടിയുടെ അതൃപ്തിക്ക് പിന്നാലെയാണ് അവാര്‍ഡ് സ്വീകരിക്കില്ലെന്നത് തരൂരിൻ്റെ ഓഫീസ് അറിയിച്ചത്. ശശി തരൂര്‍ അവാര്‍ഡ് വാങ്ങരുതെന്ന് കെ മുരളീധരൻ പറഞ്ഞിരുന്നു. പുരസ്കാരം സ്വീകരിക്കണോ എന്നത് തരൂർ സ്വയം തീരുമാനിക്കണമെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് എ പി അനിൽകുമാർ എംഎൽഎ പറഞ്ഞു. എഐസിസിയാണ് ഇക്കാര്യത്തില്‍ നിലപാട് പറയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം സ്വീകരിക്കുമെന്ന് പറഞ്ഞതിലൂടെ ശശി തരൂര്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു.
തീവ്ര ഹിന്ദുത്വ നേതാവായിരുന്ന സവർക്കറുടെ പേരിലുള്ള പ്രഥമ അവാർഡിനാണ് ശശി തരൂരിനെ HRDS തിരഞ്ഞെടുത്തത്. ഓപ്പറേഷൻ സിന്ധുറിലെ നയതന്ത്ര യാത്രയിലും, രാഷ്ട്ര താല്പര്യങ്ങളും കണക്കിലെടുത്താണ് തരൂരിനെ പരിഗണിച്ചതെന്നാണ് സംഘടന വ്യക്തമാക്കിയത്. അവാർഡിനെതിരെ കോൺഗ്രസ്സിൽ നിന്നടക്കം കടുത്ത വിമർശനം ഉയർന്നതോടെ തരൂർ നിലപാട് തിരുത്തി അവാർഡിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും സംഘടനയുടെ സ്വഭാവത്തിൽ അവ്യക്തതയുണ്ടെന്നുമാണ് തരൂർ എക്സിൽ കുറിച്ചത്.
എന്നാൽ തരൂർ അവാർഡിന് സന്നദ്ധത അറിയിച്ചിരുന്നതായും അവാർഡിൽ നിന്ന് പിന്മാറിയത് സംഘടനയെ അറിയിച്ചിട്ടല്ലെന്നും ആണ് HRDA യുടെ പ്രതികരണം. വിവാദത്തിന് പിന്നാലെ പാർട്ടിയിൽ നിന്ന് തരൂരിനെതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. റഷ്യൻ പ്രസിഡന്റിന് നൽകിയ വിരുന്നിൽ പങ്കെടുത്തത് പാർട്ടിയെ ചൊടിപ്പിച്ചിരുന്നു. തീവ്ര ഹിന്ദുത്വ നേതാവിന്റെ പേരിലുള്ള അവാർഡ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൂടിയായ തരൂർ ഏറ്റുവാങ്ങുന്നത് ദേശീയതലത്തിൽ അടക്കം ചർച്ചയായതോടെയാണ് എക്സിൽ കുറിപ്പിട്ട് വിവാദം അണക്കാനുള്ള തരൂരിന്റെ ശ്രമം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

