
ബാരാമതി വിമാനാപകടത്തിൽ അജിത് പവാറിനോടൊപ്പം അഞ്ചു ജീവനുകൾ നഷ്ടമായ ദുരന്തത്തിനൊപ്പം, ഒരു അച്ഛന്റെ ഹൃദയം തകർത്ത ഫോൺ വിളിയുടെ കഥയും പുറത്ത് വരുന്നു. മകൾ അവസാനമായി തന്നോട് സംസാരിച്ചത്, വിടപറച്ചിലായി മാറിയതിൽ വിധിയെ പഴിക്കുകയാണ് വിമാന ജീവനക്കാരിയായ പിങ്കി മാലിയുടെ പിതാവ് ശിവകുമാർ. പൂനെ ജില്ലയിലെ ബാരാമതി വിമാനത്താവളത്തിന് സമീപം, ഡൽഹി ആസ്ഥാനമായ വിഎസ്ആർ വെഞ്ച്വേഴ്‌സിന്റെ ലിയർജെറ്റ് 45 വിമാനം ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നു വീഴുമ്പോൾ തകർന്നടിഞ്ഞത് ഒരു പിതാവിന്റെ സ്വപ്നം കൂടിയായിരുന്നു .
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും അപകടത്തിൽ മരിച്ചു. മുംബൈ വർളിയിൽ താമസിക്കുന്ന ഫ്ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലി, പറക്കുന്നതിന് തൊട്ടുമുമ്പ് പിതാവ് ശിവകുമാർ മാലിയെ വിളിച്ചിരുന്നു. “അജിത് ദാദയെ ഇറക്കിയ ശേഷം നന്ദേഡിലേക്ക് പോകും… നമുക്ക് നാളെ സംസാരിക്കാം” – മകൾ അവസാനമായി തന്നോട് പറഞ്ഞ വാക്കുകൾ നൊമ്പരത്തോടെ ശിവകുമാർ ഓർത്തെടുത്തു.
ആ ‘നാളെ’ ഇനിയുണ്ടാകില്ലെന്ന യാഥാർഥ്യം ഇപ്പോഴും പിങ്കിയുടെ കുടുംബത്തിന് ഉൾക്കൊള്ളാനായിട്ടില്ല. രാവിലെ 8.10-ന് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം 8.45-ഓടെ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 8.50-ഓടെ തകർന്നുവീണതായി അധികൃതർ സ്ഥിരീകരിച്ചു. അപകട കാരണം അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ സംഘം അന്വേഷണം ആരംഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

