
ബിഹാറിൽ സിപിഐഎം സ്ഥാനാർഥി പ്രഖ്യാപനം ഉടനുണ്ടാകും. ശക്തമായ ഭരണവിരുദ്ധ വികാരം നേരിടുന്ന ബിജെപി വോട്ടർപട്ടിക പരിഷ്കരണം അടക്കം കൊണ്ടുവന്നു തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ അന്തിമ ഘട്ടത്തിലെന്നും വിജയരാഘവൻ പറഞ്ഞു.
സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, ബിഹാര്‍ ചുമതലയുള്ള പോളിറ്റ്ബ്യൂറോ അംഗങ്ങളായ അശോക് ധവ്‌ളെ, എ വിജയരാഘവന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ബിഹാറിലെ പാര്‍ട്ടി നേതൃത്വവുമായും തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തി. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്. 2020ലേക്കാള്‍ രണ്ട് സീറ്റുകള്‍ അധികം ലഭിക്കുമെന്നാണ് സൂചന. വരുന്ന ദിവസങ്ങളില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാകും. സീറ്റ് വിഭജനം സംബന്ധിച്ച തർക്കങ്ങളല്ല, ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള നീക്കങ്ങള്‍ക്കാണ് പ്രാധ്യാന്യമെന്ന് എ വിജയരാഘവന്‍ പ്രതികരിച്ചു.
തീവ്രവോട്ടര്‍പരിഷ്‌കരണം കൊണ്ട് ലക്ഷക്കണക്കിന് ആളുകളെ പട്ടികയ്ക്ക് പുറത്താക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വലിയ ആരോപണം നേരിടുന്നുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇത്തരം ശ്രമങ്ങളെ ശക്തമായി ചെറുക്കണമെന്നും, ബിഹാറിലെ ഗ്രാമങ്ങളില്‍ പോലും വര്‍ഗീയത വളര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനെതിരെ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ കഴിയൂ. ബിജെപിയെ താഴെയിറക്കിയാല്‍ മാത്രമേ ഭരണഘടന പോലും സംരക്ഷിക്കപ്പെടുകയുള്ളു എന്നും വിജയരാഘവന്‍ കൂട്ടിചേർത്തു.
അതേസമയം ഇത്തവണ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടിയും, പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിയും ഒറ്റക്ക് മത്സരിക്കുന്നുണ്ട്. എന്നാല്‍ ബിഹാറിന്റെ രാഷ്ട്രീയത്തില്‍ വ്യക്തികേന്ദ്രീകൃതമായ പാര്‍ട്ടികള്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

