
കേന്ദ്ര സർക്കാരിൻ്റെ മൊത്തം കടം 200 ലക്ഷം കോടി രൂപ കവിയുമെന്ന് റിപ്പോർട്ട്. പാർലമെന്റിൽ ധനകാര്യമന്ത്രാലയം വി ശിവദാസൻ എംപിക്ക് നൽകിയ മറുപടിയിൽ ആണ് ഈ വിവരങ്ങൾ ഉള്ളത്. 2020–21 ൽ ₹115.71 ലക്ഷം കോടി ആഭ്യന്തര കടവും ₹6.15 ലക്ഷം കോടി വിദേശ കടവും ഉൾപ്പെടെ ₹121.86 ലക്ഷം കോടിയായിരുന്നു കേന്ദ്ര സർക്കാരിന്റെ മൊത്തം കടം. ഇത് 2024–25 ൽ ₹177.20 ലക്ഷം കോടി ആഭ്യന്തര കടവും ₹8.74 ലക്ഷം കോടി വിദേശ കടവും ചേർത്ത് ₹185.94 ലക്ഷം കോടിയായി ഉയർന്നു.
വരുമാനം കൂട്ടുന്നതിനുപകരം വായ്പയെ കൂടുതൽ ആശ്രയിക്കുന്ന കേന്ദ്ര സർക്കാർ, അതിസമ്പന്നരെയും വൻകിട കോർപ്പറേറ്റുകളെയും നികുതിക്ക് വിധേയരാക്കാൻ തയ്യാറാകാത്തതിനാലാണ് സാമ്പത്തിക ഭാരം സാധാരണ ജനങ്ങളിലേക്ക് മാറുന്നതെന്ന ശക്തമായ വിമർശനം ഉയരുന്നുണ്ട്.
2025–26 ലെ ബജറ്റ് കണക്കനുസരിച്ച്, കേന്ദ്ര സർക്കാരിന്റെ മൊത്തം കടം ഇനിയും ഉയർന്ന് ₹200.16 ലക്ഷം കോടിയാകും എന്നാണ് കണക്കാക്കുന്നത്. പലിശ അടയ്ക്കൽ മാത്രം 2020–21 ൽ ₹6.80 ലക്ഷം കോടിയായിരുന്നതിൽ നിന്ന് 2024–25 ൽ ₹11.16 ലക്ഷം കോടിയായി വർധിച്ചു. 2025 ജൂൺ 30 വരെ മാത്രം, കേന്ദ്രം ₹3.72 ലക്ഷം കോടി പുതിയ ആഭ്യന്തര കടവും ₹0.23 ലക്ഷം കോടി പുതിയ വിദേശ കടവും എടുത്തിരുന്നു. വരുമാന സമാഹരണം ശക്തിപ്പെടുത്തുന്നതിനുപകരം വായ്പയെ കൂടുതൽ ആശ്രയിക്കുന്ന നിലയിലേക്കാണ് കേന്ദ്ര സർക്കാർ പോകുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
ALSO READ: ‘അപ്പീൽ പോകുമെന്ന് ഉറപ്പ്’; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത
കടം ഇങ്ങനെ വർധിച്ചുവരുമ്പോഴും, അതിസമ്പന്നരെയും ലാഭം കൊയ്യുന്ന വൻകിട കോർപ്പറേറ്റ്കളെയും നികുതിക്ക് വിധേയമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. ചെലവ് ചുരുക്കലുകളും പരോക്ഷ നികുതികളും വഴി സാമ്പത്തിക ഭാരം സാധാരണ ജനങ്ങളിലേക്ക് മാറ്റപ്പെടുമ്പോൾ, ഏറ്റവും സമ്പന്ന വിഭാഗങ്ങളോടാണ് സർക്കാർ കൂറ് പുലർത്തുന്നത്.
കേന്ദ്രത്തിന്റെ കടം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തുകയും പലിശ ചെലവുകൾ മാത്രം 12 ലക്ഷം കോടിയോളം ഉയർന്ന സാഹചര്യത്തിൽ പോലും, സംസ്ഥാനങ്ങളുടെ കടമെടുക്കൽ പരിധി കുറയ്ക്കുകയാണ് കേന്ദ്രസർക്കാർ.
കേന്ദ്രകടം കുത്തനെ വർധിക്കുമ്പോഴും, കടമെടുക്കലിൽ ഇരട്ടത്താപ്പ് തുടരുന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് വി ശിവദാസൻ എംപി പറഞ്ഞു.
അതിസമ്പന്നർക്കു മേൽ നികുതി ഏർപ്പെടുത്തണമെന്നും ,പുതിയ തൊഴിൽ സൃഷ്ടിക്കാനും സംസ്ഥാനങ്ങൾക്ക് യഥാർത്ഥമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കാനും ആ വരുമാനം ഉപയോഗിക്കണമെന്നും ഡോ. വി. ശിവദാസൻ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

