
തമിഴ് നാടിനെ നടുക്കിയ ബലാത്സംഗക്കേസ് പ്രതികളെ ഏറ്റുമുട്ടലിനൊടുവിൽ പിടികൂടി പൊലീസ്. ഏറെ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തിൽ തവസി, കാർത്തിക്, കാളീശ്വരൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ ആകമാനം വലവിരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ കാലിൽ വെടിവെച്ചിട്ടാണ് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാർഥിനിയായ 19 വയസുകാരിയാണ് ഞായറാഴ്ച കൂട്ട ബലാത്സംഗത്തിന് ഇരയായത്. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിനടുത്തുള്ള വൃന്ദാവൻ നഗറിൽ ആൺസുഹൃത്തുമായി കാറിൽ സംസാരിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷമാണ് മൂവർ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. വിജനമായ സ്ഥലത്ത് കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതികൾ കടന്നു. പരുക്കേറ്റ സുഹൃത്താണ് പൊലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ വ്യാപക തിരച്ചിലിൽ വിമാനത്താവളത്തിന് ഒരു കിലോമീറ്റർ അകലെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് നിന്ന് അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കാലിൽ വെടിവെച്ചിട്ട് പിടികൂടുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

