
നിയമസഭയില്‍ ആര്‍എസ്എസ് ഗാനം ആലപിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. മണ്‍സൂണ്‍ സമ്മേളനത്തിനിടെയാണ് കോണ്‍ഗ്രസ് നേതാവ് ആര്‍എസ്എസിന്റെ ഗാനം ചൊല്ലിയത്. വ്യാഴാഴ്ച, കര്‍ണാടക നിയമസഭ സമ്മേളിക്കുന്നതിനിടെ ‘നമസ്‌തേ സദാ വത്സലേ മാതൃഭൂമേ..’ എന്ന ആര്‍എസ്എസ് ഗാനം ആലപിക്കുന്ന ശിവകുമാറിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.
ശിവകുമാര്‍ ഒരുകാലത്ത് ആര്‍എസ്എസ് വേഷം ധരിച്ചിരുന്നു എന്ന പ്രതിപക്ഷ നേതാവ് ആര്‍. അശോകയുടെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം ആര്‍എസ്എസ് പ്രാര്‍ഥന ചൊല്ലിയത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ശിവകുമാറിന് നേരെ ഉയരുന്നത്. മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ ഏത് നിമിഷവും ബിജെപി യിലേക്ക് ചേക്കേറുമെന്നതിന്റെ സൂചനയാ യാണോ RSS ഗാനം ആലപിച്ചതെന്ന വിമര്‍ശനവും ശക്തമാണ്.
സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസിനെ പുകഴ്ത്തി സംസാരിച്ചതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. എന്നാലിപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ ആലോചിക്കുകയാണോ എന്ന് ബിജെപിയും പരിഹസിച്ചു.. ശശി തരൂര്‍ മുതല്‍ ഡി കെ ശിവകുമാര്‍ വരെ കോണ്‍ഗ്രസ്‌കാര്‍ രാഹുലിനെ ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയും പരിഹസിച്ചു.
ഇതോടെ താന്‍ എക്കാലവും കോണ്‍ഗ്രസുകാരന്‍ ആയിരിക്കുമെന്ന് വ്യക്തമാക്കി ശിവകുമാര്‍ രംഗത്തുവന്നു. ഒരു നേതാവെന്ന നിലയില്‍ തന്റെ എതിരാളികളെയും സുഹൃത്തുക്കളെയും അറിയണം. അവരെക്കുറിച്ച് പഠിച്ചിട്ടുണ്ട്. ബിജെപിയുമായി കൈകോര്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും വേണ്ടയെന്നും അദ്ദേഹം പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

