
മധ്യപ്രദേശിലെ ഇൻഡോറിൽ ബിജെപി ഭരിക്കുന്ന മുൻസിപ്പൽ കോർപറേഷൻ വിതരണം ചെയ്‌ത മലിന ജലം കുടിച്ച് മരണപ്പെട്ടവരുടെ എണ്ണം 13 ആയി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 1100ൽ ഏറെ പേരാണ് വയറിളക്കവും ഛർദിയും മൂലം ചികിത്സ തേടിയത്. പ്രതിഷേധം ഉയർന്നതോടെ മുനിസിപ്പൽ കോർപറേഷൻ സോണൽ ഓഫീസറെയും അസിസ്റ്റന്റ് എൻജിനിയറെയും സസ്പെൻഡ് ചെയ്തു. ഇൻഡോർ ഒന്നിലെ ഭാഗീരത്പുരയിലാണ് സംഭവം.
വയറിളക്കവും ഛർദ്ദിയും ബാധിച്ച് ദിവസങ്ങളായി ചികിത്സയിലിരുന്നവരാണ് മരിച്ചത്. 200 പേരോളം നിലവിൽ ആശുപത്രിയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ.
ALSO READ: പാചകവാതകവില വീണ്ടും കൂട്ടി; ജനങ്ങള്‍ക്ക് ബിജെപി സർക്കാരിന്റെ പുതുവത്സരസമ്മാനം
പ്രധാന കുടിവെള്ള പൈപ്പ്ലൈനിൽ ചോർച്ചയുണ്ടായി കക്കൂസ് മാലിന്യം കുടിവെള്ളത്തിൽ കലർന്നതാണ് ദുരന്തം വരുത്തിവച്ചതെന്നാണ് പ്രാഥമിക നിഗമനം. ബിജെപി സർക്കാർ യഥാർത്ഥ മരണസംഖ്യ മറച്ചുവയ്ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം നർമദ നദിയിൽ നിന്ന് മുനിസിപ്പൽ കോർപ്പറേഷൻ പൈപ്പ് ലൈനിലൂടെ ഒരാഴ്ചയായി കിട്ടുന്നത് മോശം വെള്ളമാണെന്ന് വ്യാപക പരാതിയുണ്ടായിരുന്നു.
പ്രതിഷേധമുയർന്നതോടെ മുനിസിപ്പൽ കോർപറേഷൻ സോണൽ ഓഫീസറെയും അസിസ്റ്റന്റ് എൻജിനിയറെയും സസ്പെൻഡ് ചെയ്തു. ഇൻ-ചാർജ് സബ് എൻജിനിയറെ പിരിച്ചുവിട്ടു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച്ചയുണ്ടായെന്ന് സംസ്ഥാന നഗര വികസന മന്ത്രിയും ഇൻഡോർ മുൻ മേയറുമായ ബിജെപി നേതാവുമായ കൈലാഷ് വിജയ് വർഗീയ സമ്മതിച്ചു. തുടർച്ചയായ എട്ടാം തവണയും മോദി സർക്കാർ രാജ്യത്ത ‘ശുചിത്വ നഗര’മായി തെരഞ്ഞെടുത്ത ഇൻഡോറിലാണ് സംഭവമെന്നതാണ് വിരോധാഭാസം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

