
മഹാരാഷ്ട്രയിൽ സിപിഐ എം നേതൃത്വത്തിലുള്ള ലോങ് മാർച്ച് മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ പാൽഘറിൽ ശക്തമായ പ്രതിഷേധം. ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നായി അമ്പതിനായിരത്തോളം പേർ പാൽഘർ ജില്ലാ കളക്ടറുടെ ഓഫീസിനെ ഉപരോധിച്ചു. സമ്മർദ്ദങ്ങൾക്കൊടുവിൽ ചർച്ചയ്ക്ക് തയ്യാറായെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാതെ പിൻമാറില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാർ.
മഹാരാഷ്ട്രയിലെ ചരോടിയിൽ നിന്നാണ് സിപിഐ എം ലോങ് മാർച്ച് ആരംഭിച്ചത്. കഴിഞ്ഞ ദിവസം പാൽഘർ ജില്ലാ കളക്ടറേറ്റിലെത്തിയ കാൽനട ജാഥയ്ക്ക് അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു. നിവേദനം നൽകാൻ പോലും അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്. തുടർന്ന് സമരക്കാർ ജില്ലാ കളക്ടറുടെ ഓഫീസ് ഉപരോധിച്ചു.
പുറത്തിറങ്ങാൻ കഴിയാതെ കളക്ടർ അടക്കമുള്ള നിരവധി സർക്കാർ ജീവനക്കാർ ഓഫീസിൽ കുടുങ്ങി. പിന്നാലെയാണ് ജില്ലാ ഭരണകൂടം ചർച്ചയ്ക്ക് തയ്യാറായത്. ക്ഷേത്രഭൂമിയും സർക്കാർ ഭൂമിയും യഥാർത്ഥ കൃഷിക്കാരുടെ പേരിൽ വിട്ടുകൊടുക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, നിർദിഷ്ട തുറമുഖ പദ്ധതികൾ ഉപേക്ഷിക്കുക, എന്നിവയാണ് സമരവേദിയിൽ പ്രധാനമായും ഉയർന്ന ആവശ്യങ്ങൾ.
സ്ത്രീകൾക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികളുടെ പേരിലുള്ള ഔദാര്യം വേണ്ടെന്നും തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയും തൊഴിലും ഉറപ്പാക്കണമെന്നുമാണ് വനിതാ പ്രതിനിധികൾ വ്യക്തമാക്കിയത്. പാൽഘർ ജില്ലാ കളക്ടറുടെ ഓഫീസിന് പുറത്ത് ഇന്ന് അമ്പതിനായിരത്തോളം പേർ തമ്പടിച്ചിരിക്കുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് എംഎൽഎ വിനോദ് നിക്കോളെയും സിപിഐ എം നേതൃത്വവും വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

