
മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ ബിജെപി നേതാവായ കൗൺസിലർ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ ഭീഷണിപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ബിജെപി നേതാവായ അശോക് സിംഗാണ് അതിജീവിതയെ ഭീഷണിപ്പെടുത്തുന്നത്. സ്ത്രീയെ കത്തിമുനയിൽ നിർത്തിയാണ് ഇയാൾ ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ലൈംഗികാതിക്രമ കുറ്റം ചുമത്തിയാൽ തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് ബിജെപി നേതാവ് വീഡിയോയിൽ പറയുന്നത് കാണാം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശ് കോൺഗ്രസ് മേധാവി ജിതേന്ദ്ര പട്‌വാരി ഈ വീഡിയോ എക്‌സിൽ പങ്കുവെച്ചിട്ടുമുണ്ട്.
सतना में भाजपा नेता अशोक सिंह ने एक महिला के साथ चाकू की नोक पर दुष्कर्म किया, वीडियो बनाया और फिर दोबारा दुष्कर्म करने के लिए पीड़िता के घर पहुँचा।
— Jitendra (Jitu) Patwari (@jitupatwari) December 27, 2025
भाजपा नेता कैमरे पर खुलेआम कहता है कि भाजपा की सरकार है, मेरा कुछ नहीं होगा।@drmohanyadav51 आप सरकार चला रहे हैं या सर्कस? यह… pic.twitter.com/rKoRA3AuZV
റാംപൂർബഗേലനിലെ ഒരു സ്ത്രീയെയാണ് അശോക് സിംഗ് കത്തിമുനയിൽ നിർത്തി ബലാത്സംഗം ചെയ്തത്. അതിക്രമത്തിന്റെ വീഡിയോ ഇയാൾ ചിത്രീകരിച്ചെന്നും ആരോപിക്കപ്പെടുന്നു. പിന്നീട് സ്ത്രീയുടെ വീട്ടിലെത്തി വീഡിയോ പുറത്തുവിടുമെന്ന് കൗൺസിലർ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിനായി വീണ്ടും സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം അശോക് സിംഗിനെതിരെ പരാതി നൽകുമെന്ന് സ്ത്രീ പറയുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം. പരാതി നൽകിയാൽ തനിക്ക് ഒന്നും സംഭവിക്കില്ലെന്നായിരുന്നു ബിജെപി നേതാവിന്റെ മറുപടി. താൻ പറഞ്ഞതിൽ തെറ്റൊന്നും ഇല്ലെന്നും ഇയാൾ പറയുന്നുണ്ട്. കൗൺസിലർക്കെതിരെ സ്ത്രീ പരാതി നൽകിയിട്ടുണ്ട്.
ALSO READ: ബെംഗളൂരു നമ്മ മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികൻ യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി
ആറ് മാസം മുമ്പ് അശോക് സിംഗ് വീട്ടിൽ അതിക്രമിച്ച് കയറി കത്തിമുനയിൽ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. പിന്നീട് ഡിസംബർ 20ന് പ്രതി വീണ്ടും തന്നെ പീഡിപ്പിച്ചതായി ഇവർ പറയുന്നു. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പേടിച്ചിട്ടാണ് വിവരം പുറത്തു പറയാതിരുന്നതെന്നും സ്ത്രീ പറയുന്നു.
കൂടാതെ അശോക് സിംഗ് ക്രിമിനൽ പ്രവണതയുള്ള ആളാണെന്നും മുമ്പ് ജില്ലയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ടെന്നും അവർ ആരോപിച്ചു. ഡിസംബർ 22 നാണ് ബിജെപി നേതാവിനെതിരെ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും, കേസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചതിനുശേഷം മാത്രമേ വിശദമായ വിവരങ്ങൾ നൽകാൻ കഴിയൂ എന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിഎസ്പി മനോജ് ത്രിവേദി ഭാസ്‌കർ പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

