
മുംബൈയിൽ രാഷ്ട്രീയ മാറ്റം. ശിവസേനയ്ക്ക് 25 വർഷത്തിന് ശേഷം മേയർ സ്ഥാനം നഷ്ടമായി. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും. ശിവസേനയുടെ സഞ്ജയ് ശങ്കർ ഘാഡി ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപ്പെട്ടു. 1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനമാണ് 25 വർഷത്തിന് ശേഷം ആദ്യമായി ബിജെപിയുടെ കൈകളിലെത്തുന്നത്.
താക്കറെ കുടുംബത്തിന് നഷ്ടമായത് കാൽ നൂറ്റാണ്ട് വിട്ടുകൊടുക്കാതെ കൈവശം വച്ചിരുന്ന ഭരണമാണ്. ഘാട്‌കോപ്പറിൽ നിന്നുള്ള കോർപ്പറേറ്ററായ റിതു തവ്‌ഡെ, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ വിദ്യാഭ്യാസ സമിതിയുടെ ചെയർപേഴ്‌സണായി നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട ശിവസേനയുടെ സഞ്ജയ് ശങ്കർ ഘാഡി ജനുവരി 15-ന് നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ അഞ്ചാം വാർഡിൽ നിന്നാണ് കോർപ്പറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. ഡെപ്യൂട്ടി മേയറുടെ പദവി 15 മാസം വീതം വിഭജിച്ച് ശിവസേനയുടെ നാല് കോർപ്പറേറ്റർമാർക്ക് നൽകാനാണ് തീരുമാനം.
Also read : എപ്സ്റ്റീൻ ഫയലുകൾക്കിടയിലെ കറുത്ത വരകൾക്കടിയിൽ ഇനിയും പേരുകളുണ്ടോ? മോദി ഭയക്കുന്നതാരെ?
2022-ൽ ശിവസേന അധികാരത്തിൽ വന്നപ്പോൾ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ പക്ഷത്തേക്ക് മാറിയ നേതാക്കളിൽ ഘാഡിയും ഉൾപ്പെട്ടിരുന്നു. ഈ രാഷ്ട്രീയ നീക്കമാണ് മഹാ വികാസ് അഘാഡി സർക്കാരിന്റെ തകർച്ചയിലേക്ക് നയിച്ചത്. 227 അംഗങ്ങളുള്ള മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി 89 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ശിവസേനയ്ക്ക് 29 സീറ്റുകൾ ലഭിച്ചു. 118 കോർപ്പറേറ്റർമാരുടെ പിന്തുണയുള്ള ഭരണസഖ്യം 114 എന്ന ഭൂരിപക്ഷ സംഖ്യ മറികടന്നതോടെയാണ് മേയർ സ്ഥാനം ഉറപ്പായത്. ഒമ്പത് വർഷത്തിന് ശേഷം നടന്ന കടുത്ത മത്സരത്തോടെയുള്ള ഈ തിരഞ്ഞെടുപ്പ്, രാജ്യത്തെ ഏറ്റവും സമ്പന്നമായ നഗരസഭയായ ബിഎംസി ഭരണത്തിൽ പുതിയ അധ്യായം തുറക്കുകയാണ്. 2025–26 വർഷത്തെ ബിഎംസി ബജറ്റ് 74,450 കോടി രൂപയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

