നിരന്തരം അപ്ഡേറ്റാകുന്ന സൈബർ തട്ടിപ്പുകാരും ഇപ്പോ‍ഴും ലോഡിങ്ങിൽ കിടക്കുന്ന പ്രതിരോധവും – രാജ്യത്തിന് തലവേദയാകുന്ന ഡിജിറ്റൽ അധോലോകം

cyber fraud + india + detailed review

കംപ്യൂട്ടർ യുഗവും കടന്ന് ആധുനികത നിർമിത ബുദ്ധിയിൽ കാലുകുത്തി നിൽക്കുന്ന ഈ സമയത്ത്, ടെക്നോളജിയുടെ വളർച്ചക്കൊത്ത് ‘വളരുന്ന’ മറ്റൊരു പ്രതിഭാസമാണ് സൈബർ തട്ടിപ്പുകൾ. ഇന്ത്യയിൽ ദിനംപ്രതി 7,000-ത്തിലധികം പുതിയ സൈബർ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് കണക്ക്. ഒരു ദിവസം ഏകദേശം ₹50 കോടി രൂപ സൈബർ തട്ടിപ്പിലൂടെ ഇന്ത്യക്കാരിൽ നിന്നും നഷ്ടപ്പെടുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.

കേരളത്തിലും സൈബർ തട്ടിപ്പുകൾ സജീവമാണ്. വ്യാജ ട്രേഡിങ് ആപ്പുകൾ, ഡിജിറ്റൽ അറസ്റ്റുകൾ, നിർമിത ബുദ്ധിയടക്കം ഉപയോഗിച്ചുള്ള മറ്റ് തട്ടിപ്പുകൾ – ഇങ്ങനെ ഓരോ തവണയും കോടികളാണ് തട്ടിപ്പുകാർ അടിച്ചുമാറ്റുന്നത്. എന്നാൽ, പലപ്പോഴും കേരള പൊലീസിന്റെ സൈബർ ക്രൈം ഡിവിഷൻ വിദഗ്ധ അന്വേഷണത്തിലൂടെ നഷ്ട്ടപ്പെടുന്ന തുകയുടെ ഭൂരിഭാഗവും തിരിച്ചു പിടിക്കാറുണ്ട്. എത്രയൊക്കെ മുന്നറിയിപ്പ് കിട്ടിയാലും, അഭ്യസ്തവിദ്യരെ പോലും കുടുക്കുന്ന തരത്തിലുള്ള വലകളാണ് തട്ടിപ്പുകാർ വിരിക്കുന്നതെന്നും എടുത്ത് പറയേണ്ടതാണ്.

ALSO READ; വാട്സാപ്പിൽ വൻ സുരക്ഷാ വീഴ്ച: 350 കോടി ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ ഭീഷണിയിൽ; വിശദീകരണം നൽകി മെറ്റ

ആശങ്കയുണർത്തുന്ന കണക്കുകൾ

സൈബർ ക്രൈം സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇനിഷ്യേറ്റീവായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) നൽകുന്ന വിവരങ്ങൾ പ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് പ്രതിദിനം 50 കോടിയാണ് നഷ്ടപ്പെടുന്നത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന തുകയുടെ 35% ₹50 ലക്ഷത്തിൽ കൂടുതലാണ്. പ്രതിദിനം ശരാശരി 7,000-ൽ അധികം സൈബർ ക്രൈം പരാതികളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത് (2024 മെയ് വരെയുള്ള കണക്ക്). 2024 ജനുവരി മുതൽ ജൂൺ വരെ 8,50,034 പരാതികളിലായി ₹11,269.83 കോടിയാണ് നഷ്ടമായതായും റിപ്പോർട്ടുണ്ട്.

സൈബർ സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള ദേശീയ ഹെൽപ്‌ലൈനായ 1930-ലേക്ക് പ്രതിദിനം ഏകദേശം 60,000 കോളുകളാണ് എത്തുന്നത്. 2025 മാർച്ച് 11 വരെ 23.39 ലക്ഷത്തിലധികം സൈബർ പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1930 നമ്പർ വഴിയും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (NCRP) വഴിയുമായി ലഭിച്ച പരാതികൾ പരിശോധിച്ചതിലൂടെ ₹4,386 കോടിയിലധികം രൂപ തിരിച്ചു പിടിക്കാനായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു.

ALSO READ; നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ആരാണ് സന്ദർശിക്കുന്നതെന്ന് അറിയണോ? ഇതാ വഴികൾ

പ്രധാന തട്ടിപ്പ് രീതികൾ

NCRP ഡാറ്റ അനുസരിച്ച്, സൈബർ കുറ്റകൃത്യങ്ങളുടെ വളർച്ചാ നിരക്ക് 2021 മുതൽ 2022 വരെ 113.7% ആയിരുന്നു. 2022 മുതൽ 2023 വരെ ഇത് 60.9% ആണ്. തെക്കുകിഴക്കൻ ഏഷ്യയിലെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ പ്രധാന രീതികളിൽ വ്യാജ ഓഹരി വിപണി പദ്ധതികൾ, തട്ടിപ്പുള്ള നിക്ഷേപ പ്ലാറ്റ്‌ഫോമുകൾ, വ്യാജ ഗെയിമിങ് ആപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ എന്നിവ ഉൾപ്പെടുന്നു.

നിക്ഷേപ തട്ടിപ്പുകൾ വൈകിയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വലിയൊരു തുക നഷ്ടപ്പെട്ടതിന് ശേഷമേ ഇരകൾക്ക് തട്ടിപ്പ് മനസ്സിലാകൂ എന്നതാണ് കാരണം. ആദ്യഘട്ടത്തിൽ ലാഭം ലഭിക്കുന്ന ചെറിയ നിക്ഷേപങ്ങളിൽ ഇരകളെ കുടുക്കുകയും പിന്നീട് കൂടുതൽ നിക്ഷേപിക്കാനായി പ്രേരിപ്പിക്കുകയും പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ നികുതി പോലുള്ള അധിക ചാർജുകൾ ആവശ്യപ്പെടുകയും ചെയ്യുന്നു. അപ്പോഴേക്കും അവർക്ക് വലിയ തുക നഷ്ടപ്പെട്ടിട്ടുണ്ടാകും.

തുടർന്ന് തട്ടിപ്പുകാർ അപ്രത്യക്ഷരാകും. ഈ കേസുകളിൽ പണം വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ പണം ക്രിപ്‌റ്റോകറൻസിയായി മാറ്റിയിട്ടുണ്ടാകുമെന്ന് തൃശൂർ റേഞ്ച് ഡിഐജിയും കേരളാ പോലീസിലെ മുൻ സൈബർ ഓപ്പറേഷൻസ് സൂപ്രണ്ടുമായ ഹരിശങ്കർ ഐ.പി.എസ്. പറയുന്നു. ഡിജിറ്റൽ അറസ്റ്റ് കേസുകളിൽ ഇരകൾക്ക് എന്ത് സംഭവിക്കുന്നു എന്ന് വേഗത്തിൽ മനസിലാക്കാൻ സാധിക്കുന്നതിനാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുകയും അതിനാൽ വീണ്ടെടുക്കാൻ സാധിക്കുന്നു. പണം ഇപ്പോഴും ബാങ്കിങ് ശൃംഖലയിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ, നമുക്ക് അത് മരവിപ്പിച്ച് ഇരയ്ക്ക് തിരികെ നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ; ‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’: വിജിലൻസ് കണ്ടെത്തൽ അതീവ ഗൗരവമെന്ന് മന്ത്രി വി ശിവൻകുട്ടി

സജീവമായി ‘മ്യൂൾ അക്കൗണ്ടുകൾ’

തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് എടുക്കുന്ന രീതിയാണിത്. നിശ്ചിത കമ്മീഷൻ നൽകിയാവും നിങ്ങളുടെ അക്കൗണ്ട് വാടകക്ക് എടുക്കുക. തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണമടക്കം ഇതിലൂടെ കൈമാറ്റം ചെയ്യപ്പെടും. വിദ്യാർത്ഥികളാണ് പലപ്പോ‍ഴും ഇതിന് ഇരയാകുന്നത്. കേരളത്തിലെ ചില വിദ്യാർത്ഥികളെ ഇത്തരത്തിലുള്ള അക്കൗണ്ടുകൾ കൈവശം വെച്ചതിന് മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് അറസ്റ്റ് ചെയ്ത സംഭവങ്ങളുമുണ്ട്.

നിലവിൽ വരുമാനം ഇല്ലാത്ത ഒരു വിദ്യാർത്ഥിയുടെ അക്കൗണ്ടിലേക്ക് പെട്ടെന്ന് വലിയ നിക്ഷേപം വരുമ്പോൾ, ബാങ്കിന് മുന്നറിയിപ്പ് ലഭിക്കുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്യും. ഈ പണം ബാങ്കുകൾക്ക് വീണ്ടെടുക്കാൻ കഴിയാത്തതിനാൽ സൈബർ സെല്ലിൽ പരാതി നൽകും.

2024 ജൂലൈയിലെ കണക്കനുസരിച്ച്, ഇന്ത്യയിൽ പ്രതിദിനം ഏകദേശം 4,000 മ്യൂൾ അക്കൗണ്ടുകളാണ് ഫ്ലാഗ് ചെയ്യപ്പെടുന്നത്. മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാനായി കേരള പോലീസ് 2025 ഒക്ടോബർ അവസാനമാണ് ഓപ്പറേഷൻ സൈ ഹണ്ട് എന്ന പേരിൽ സംസ്ഥാനവ്യാപകമായി സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നടപടി ആരംഭിച്ചത്. ഇതിന്റെ ആദ്യ ഘട്ടത്തിൽ 382 കേസുകൾ രജിസ്റ്റർ ചെയ്യുകയും 263 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ALSO READ; ആന്‍റി ടാങ്ക് മിസൈലുകൾ, ആർട്ടിലറി റൗണ്ടുകൾ; ഇന്ത്യക്ക് 800 കോടിയുടെ ആയുധം വിൽക്കുന്നതിന് അംഗീകാരം നൽകി യുഎസ്

തടസ്സങ്ങൾ ഏറെ

സാമ്പത്തിക തട്ടിപ്പായതിനാൽ പൊലീസ് സിവിൽ കേസുകളായാണ് ഇവ രജിസ്റ്റർ ചെയ്യുന്നത്. ഇന്ത്യയിലെ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ജാമ്യം ലഭിക്കുന്നവയാണ്. പിടിക്കപ്പെട്ടാലും ശിക്ഷ വലുതല്ല. 100 പേരെ പറ്റിച്ചാൽ, അവർക്ക് 10 പേരിൽ നിന്ന് എടുത്തത് മാത്രം തിരിച്ചടച്ചാൽ മതിയാകും. അതുകൊണ്ടാണ് തട്ടിപ്പുകാർ ഇന്ത്യയെ ഇതിനു പറ്റിയ സ്ഥലമായി കാണുന്നതെന്ന് സൈബർ വിദഗ്ധർ പറയുന്നു.

ഡിജിറ്റൽ അറസ്റ്റ് കേസുകളിൽ, സിബിഐ, ആർബിഐ, എൻഐഎ, ഇഡി, നാർക്കോട്ടിക്സ് കൺട്രോൾ, ബാങ്കുകൾ തുടങ്ങിയ ഏജൻസികളിലെ ഉദ്യോഗസ്ഥരായി ചമഞ്ഞ് സ്പൂഫിങ് വഴി തട്ടിപ്പുകാർ ഇരകളെ ബന്ധപ്പെടുന്നു. മുതിർന്ന പൗരന്മാരടക്കം പലർക്കും ഈ കള്ളത്തരം തിരിച്ചറിയാൻ കഴിയുന്നില്ല. ക്രിപ്‌റ്റോകറൻസി, എ.ടി.എം. വഴിയുള്ള പണം പിൻവലിക്കലുകൾ, ഹവാല ശൃംഖലകൾ, അന്താരാഷ്ട്ര ഫണ്ട് കൈമാറ്റങ്ങൾ, സ്വർണ്ണം എന്നിവ വഴിയാണ് പണം പുറത്തേക്ക് പോകുന്നത്. അതിനാൽ, പണം വീണ്ടെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്.

പ്രതിരോധമുയർത്തുന്ന കേര‍ളം

സൈബർ തട്ടിപ്പുകാർ കേരളത്തിൽ നിന്ന് ₹200 കോടിയിലധികം തട്ടിയെടുത്തതിന് പിന്നാലെ 2024 മാർച്ചിൽ കേരളം ആർ.ബി.ഐ. ഗവർണർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഔദ്യോഗികമായി ശുപാർശകൾ സമർപ്പിച്ച ആദ്യ സംസ്ഥാനമാണെന്ന് ഹരിശങ്കർ ഐപിഎസ് ചൂണ്ടിക്കാട്ടുന്നു. അന്ന് കേരളാ ഡിജിപിയായിരുന്ന ഷെയ്ഖ് ദർവേഷ് സാഹിബാണ് ഈ നീക്കത്തിന് തുടക്കമിട്ടത്. ഓരോ ബാങ്ക് അക്കൗണ്ടിനും നിർവചിക്കപ്പെട്ട മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി വിശ്വാസ്യത സ്‌കോറുകൾ സൃഷ്ടിക്കാൻ ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശിച്ചിട്ടുണ്ട്. കുറഞ്ഞ വിശ്വാസ്യത സ്കോർ ഉള്ള അക്കൗണ്ടിലേക്ക് ഒരു ഉപയോക്താവ് പണം കൈമാറ്റം ചെയ്യാൻ ശ്രമിക്കുമ്പോൾ, അപകടസാധ്യതയെക്കുറിച്ച് ഒരു പോപ്പ്-അപ്പ് മുന്നറിയിപ്പ് നൽകണം. ഇത് നടപ്പിലാക്കിയാൽ സൈബർ സാമ്പത്തിക തട്ടിപ്പുകൾ ഏകദേശം പൂജ്യമായി കുറയ്ക്കാൻ കഴിയുമെന്നും ഹരിശങ്കർ ഐപിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News