
ദില്ലിയിലെ AI ഇംപാക്റ്റ് ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ റീൽ ചിത്രീകരണത്തിനിടെ മോഷണം. ബെംഗളൂരു ആസ്ഥാനമായുള്ള സംരംഭകന്റെ ഉത്പന്നങ്ങളാണ് മോഷണം പോയത്. മോദിയുടെ റീൽ ചിത്രീകരണത്തിനായി വേദി ഒഴിപ്പിച്ചപ്പോഴാണ് സംഭവം. നിയോസാപിയന്റെ സഹസ്ഥാപകനും സിഇഒയുമായ ധനഞ്ജയ് യാദവിന്റെ ഉപകരണങ്ങളാണ് നഷ്ടപ്പെട്ടത്. മോഷണത്തിന് പിന്നാലെ നിരവധി പരാതികളാണ് ഉച്ചക്കോടിക്ക് എതിരെ ഉയരുന്നത്. സ്റ്റാളുകളുടെ ക്രമീകരണത്തിലും, ഭക്ഷണ ഒരുക്കുന്നതിലും പരാതികൾ ഉയർന്നിട്ടുണ്ട്. വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾ അടക്കം പങ്കെടുക്കുന്ന ഉച്ചകോടിയുടെ സുരക്ഷാവീഴ്ചയിൽ വിമർശനം ശക്തമാണ്.
വൻ തുക മുടക്കി തങ്ങളുടെ നൂതന സംരംഭങ്ങൾ പ്രദർശിപ്പിക്കാനെത്തിയ എഞ്ചിനീയർമാരോടും കണ്ടുപിടുത്തക്കാരോടും തങ്ങളുടെ പ്രോട്ടോടൈപ്പുകൾ ഉപേക്ഷിച്ച് പുറത്തുപോകാൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ വീഡിയോ ചിത്രീകരണത്തിനായി ഹാൾ പൂർണ്ണമായും ശൂന്യമാക്കുകയായിരുന്നു. നിക്ഷേപക സംഗമങ്ങൾക്കോ നയപരമായ ചർച്ചകൾക്കോ പകരം ഒരു സോഷ്യൽ മീഡിയ വീഡിയോയ്ക്ക് മുൻഗണന നൽകിയത് രാജ്യത്തിന് നാണക്കേടാണെന്ന് ആണ് റിപ്പോർട്ടുകൾ.
ALSO READ: വെല്ലൂരിൽ ഉത്സവത്തിനിടെ 60 അടി ഉയരമുള്ള രഥം മറിഞ്ഞു; ഏഴ് പേർക്ക് ഗുരുതര പരിക്ക്
സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേൽ ഹാളിന് പുറത്തിറങ്ങിയ എഞ്ചിനീയർമാർ തിരിച്ചെത്തിയപ്പോൾ അവരുടെ വിലപിടിപ്പുള്ള പ്രോട്ടോടൈപ്പുകളും ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. ഉച്ചകോടിയുടെ ഭാഗമായി പ്രദർശിപ്പിച്ചിരുന്ന ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായ സാങ്കേതിക വിദ്യകളാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്.
ലക്ഷക്കണക്കിന് രൂപ സ്റ്റാൾ വാടകയായി നൽകി എത്തിയവർക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഇന്ത്യയെ ഒരു എഐ വൻശക്തിയായി ഉയർത്തിക്കാട്ടാൻ ശ്രമിക്കുമ്പോൾ തന്നെ, രാജ്യത്തെ പ്രതിഭകളുടെ അധ്വാനത്തിന് മതിയായ സുരക്ഷ നൽകാൻ സംഘാടകർക്ക് സാധിച്ചില്ല എന്ന വിമർശനം ശക്തമാണ്. ഉച്ചകോടിയിൽ ലാപ്‌ടോപ്പുകൾ, വെള്ളം എന്നിവയ്ക്ക് പോലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതായി സ്രോതസ്സുകൾ വ്യക്തമാക്കുന്നു.
യഥാർത്ഥ വികസനത്തിനും സുരക്ഷയ്ക്കും പകരം കേവലം പരസ്യങ്ങൾക്കും ആഡംബരങ്ങൾക്കും മാത്രമാണ് ഭരണകൂടം പ്രാധാന്യം നൽകുന്നതെന്ന് ആരോപണം ഉയരുന്നു. ഒരു എഐ സൂപ്പർ പവർ എന്ന് അവകാശപ്പെടുന്ന രാജ്യത്തിന് സ്വന്തം കണ്ടുപിടുത്തക്കാരുടെ ഉപകരണങ്ങൾ ആറ് മണിക്കൂർ നേരത്തേക്ക് പോലും സംരക്ഷിക്കാൻ കഴിഞ്ഞില്ല എന്നത് വലിയ പരാജയമായി വിലയിരുത്തപ്പെടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


