ദില്ലിയിലും ബുൾഡോസർ രാജ്; തുർക്ക്മാൻ ഗേറ്റിലെ പള്ളിക്ക് സമീപത്തെ കെട്ടിടങ്ങള്‍ പൊളിച്ചു

DELHI DEMOLITION

ദില്ലിയിൽ ബുൾഡോസർ രാജുമായി മുനിസിപ്പൽ കോർപ്പറേഷൻ. ദില്ലിയിലെ രാംലീല മൈതാനത്തിനടുത്തുള്ള തുർക്ക്മാൻ ഗേറ്റിലെ ഫൈസ്-ഇ-ഇലാഹി മസ്ജിദിന് സമീപമുള്ള പ്രദേശത്തെ കെട്ടിടങ്ങളാണ് പൊളിച്ചത്. ഇന്ന് (ജനുവരി 7) പുലർച്ചെ ആയിരുന്നു സംഭവം.

കൈയേറ്റ ഭൂമിയെന്ന് പറഞ്ഞാണ് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ ബുൾഡോസർ രാജ് നടപ്പിലാക്കിയത്. ദില്ലി ഹൈക്കോടതിയുടെ നിർദേശത്തിന് പിന്നാലെയായിരുന്നു നടപടി. 17 ഓളം ബുൾഡോസറുകളുമായാണ് അധികൃതർ എത്തിയത്.

പ്രദേശത്തെ ക്രമസമാധാനം നിലനിർത്താൻ ദില്ലി പൊലീസിനെ വിന്യസിച്ചിരുന്നു. മുഴുവൻ പ്രദേശവും ഒമ്പത് സോണുകളായി വിഭജിച്ചു. ഓരോ മേഖലയും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ മേൽനോട്ടമുണ്ടായി. എല്ലാ സെൻസിറ്റീവ് സ്ഥലങ്ങളിലും മതിയായ പൊലീസ് സേനയെ വിന്യസിച്ചതായാണ് വിവരം.

ALSO READ: ജെഎൻയു മുദ്രവാക്യ വിവാദം: ‘മാധ്യമങ്ങൾ അപവാദം പ്രചരിപ്പിച്ചു’; അപലപിച്ച് ജെഎൻയു സ്റ്റുഡൻസ് യൂണിയൻ

അതോറിറ്റിയിൽ നിന്ന് ആവശ്യമായ അനുമതികൾ വാങ്ങാതെയാണ് കെട്ടിടങ്ങൾ നിർമിച്ചതെന്നാണ് അധികൃതർ പറയുന്നത്. അതേസമയം പൊലീസിന് നേരെ കല്ലേറുമുണ്ടായി. നാലോ അഞ്ചോ പൊലീസ് ഉദ്യോഗസ്ഥർക്ക് കല്ലേറിൽ നിസ്സാര പരുക്കേറ്റതായി പൊലീസ് പറഞ്ഞു. സ്ഥിതിഗതികൾ ഉടനടി നിയന്ത്രണവിധേയമാക്കിയെന്നും സംഘർഷം ഉണ്ടാകാതെ സാധാരണ നില പുനഃസ്ഥാപിച്ചുവെന്നും പൊലീസ് അറിയിച്ചു.

പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊളിക്കൽ നടപടികൾ സുഗമമായി പൂർത്തീകരിക്കുന്നതിന് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഘർഷത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത്, പത്തോളം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News