ഡിസംബറിലെ പിഴവുകൾക്ക് ഇൻഡിഗോയ്ക്ക് പി‍ഴ; 22.20 കോടി രൂപ അടക്കാൻ ഡിജിസിഎ ഉത്തരവ്

DGCA action against indigo

ഡിസംബറിൽ രാജ്യത്തെ വ്യോമഗതാഗം താറുമാറാക്കിയ ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ കമ്പനിക്ക് വൻ തുക പിഴയിട്ട് സിവിൽ ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ. 2025 ഡിസംബർ മൂന്നിനും അഞ്ചിനും ഇടയിൽ 2,507 ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കുകയും 1,852 വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു. ഇത് ഇന്ത്യയിലുടനീളം ഏകദേശം മൂന്ന് ലക്ഷത്തിലധികം യാത്രക്കാരെയാണ് ദുരിതത്തിലാക്കിയത്.

വിമാനത്താവളങ്ങൾ നിറഞ്ഞു കവിഞ്ഞത് വൻ പ്രതിസന്ധിയിലേക്ക് നയിക്കുകയും പാർലമെന്റിൽ അടക്കം ഇത് വലിയ ചർച്ചാ വിഷയമാവുകയും ചെയ്തിരുന്നു. ഇൻഡിഗോയുടെ ഉടമസ്ഥതയിലുള്ള ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ ചെയർമാനും ഡയറക്ടർ ബോർഡ് അംഗങ്ങളും ഡിജിസിഎയുടെ ഉത്തരവുകൾ ലഭിച്ചതായും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ; ഹരിദ്വാറിലെ ഹര്‍ കി പൗരിയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി ഗംഗാ സഭ; വിനോദ സഞ്ചാരികള്‍ അടക്കം പ്രതിസന്ധിയിൽ, വൻ വിവാദം

ദൈനംദിന പ്രവർത്തനങ്ങളിലെ അമിതമായ ഒപ്റ്റിമൈസേഷൻ, ദുർബലമായ സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ, മാനേജ്‌മെന്റ് മേൽനോട്ടത്തിലെ പോരായ്മകൾ എന്നിവയാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. വിഷയത്തിൽ ഇൻഡിഗോ സി ഇ ഒയ്ക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും സി ഒ ഒ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് ഇത്തരം പി‍ഴവുകൾ ആവർത്തിക്കാതിരിക്കാൻ കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഒരു സീനിയർ വൈസ് പ്രസിഡന്റിനെ നിലവിലെ ചുമതലകളിൽ നിന്ന് നീക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ആറ് വ്യത്യസ്ത ചട്ട ലംഘനങ്ങൾക്ക് 1.80 കോടി രൂപയും, എഫ്‌ഡിടിഎൽ (FDTL) ചട്ടങ്ങൾ ലംഘിച്ചതിന് 68 ദിവസത്തേക്ക് പ്രതിദിനം 30 ലക്ഷം രൂപ വീതം 20.40 കോടി രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. വ്യവസ്ഥാപിതമായ മാറ്റങ്ങൾ നടപ്പിലാക്കുന്നു എന്ന് ഉറപ്പാക്കാൻ ഇൻഡിഗോ സിസ്റ്റമിക് റിഫോം അഷ്വറൻസ് സ്കീമിന് കീഴിൽ 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കാനും ഉത്തരവിട്ടിട്ടുണ്ട്.

വിമാനയാത്രക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പൈലറ്റുമാരുടെയും ക്രൂവിന്റെയും ക്ഷേമം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് മാനേജ്മെന്‍റിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീ‍ഴ്ചകളിൽ നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News