
ബെംഗളൂരുവിലെ തെരുവുകളിൽ സ്വപ്നം കണ്ടു വളർന്ന ഒരു ബാലൻ, കാലങ്ങൾക്കിപ്പുറം ദക്ഷിണേന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും റിയൽ എസ്റ്റേറ്റ് മേഖലയിൽ വിപ്ലവം സൃഷ്ടിച്ച കഥ ഒരു സിനിമാക്കഥയെക്കാൾ വിസ്മയകരമാണ്. വെറുമൊരു ബിസിനസ് വിജയമായിരുന്നില്ല ഡോ. സി.ജെ. റോയിയുടെ ജീവിതം, മറിച്ച് അത് ദീർഘവീക്ഷണത്തിന്റെയും അചഞ്ചലമായ ആത്മവിശ്വാസത്തിന്റെയും നേർചിത്രമായിരുന്നു അത്.
ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച്, 2006-ലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്താണ് അദ്ദേഹം സംരംഭകത്വത്തിലേക്ക് ചുവടുവെച്ചത്. ലോകം സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴും, കടബാധ്യതകളില്ലാത്ത ബിസിനസ് മോഡൽ എന്ന തനതായ ശൈലിയിലൂടെ അദ്ദേഹം കോൺഫിഡന്റ് ഗ്രൂപ്പിനെ വിജയപഥത്തിലെത്തിച്ചു. 15 വർഷം മുൻപേ ബെംഗളൂരുവിലെ സർജാപൂർ ഒരു ഐടി ഹബ്ബാകുമെന്ന് മുൻകൂട്ടി കണ്ട അദ്ദേഹം, അവിടെ വലിയ തോതിൽ ഭൂമി ഏറ്റെടുത്ത് വികസനത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റി.
ബിസിനസ് തിരക്കുകൾക്കിടയിലും തന്റെ ഹോബിയായ ആഡംബര കാറുകൾ ശേഖരിക്കുന്നതിനായി അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഓരോ ആഡംബര കാറിനെയും ഒരു നിക്ഷേപമായി കാണുന്ന അദ്ദേഹത്തിന്റെ രീതി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റിയൽ എസ്റ്റേറ്റിന് പുറമെ സിനിമ, കായികരംഗം, വിദ്യാഭ്യാസം, വ്യോമയാനം എന്നിങ്ങനെ കേരളത്തിന്റെ സകല മേഖലകളിലും അദ്ദേഹം തന്റെ കൈമുദ്ര പതിപ്പിച്ചു.
ALSO READ: സി ജെ റോയിയുടെ സംസ്കാരം ഇന്ന് ബെംഗളൂരുവിൽ; കേസെടുത്ത് പൊലീസ്
തന്റെ വിജയങ്ങൾക്ക് പിന്നിൽ ഭാര്യ ലിനി റോയിയുടെയും മക്കളായ രോഹിത്, റിയ എന്നിവരുടെയും പിന്തുണയുണ്ടെന്ന് അദ്ദേഹം എപ്പോഴും വിശ്വസിച്ചിരുന്നു. ‘സ്വഭാവവും മനോഭാവവുമാണ് ഒരു വ്യക്തിയുടെ മൂല്യം നിർണ്ണയിക്കുന്നത്’ എന്ന വലിയ പാഠമാണ് അദ്ദേഹം തന്റെ മക്കൾക്ക് പകർന്നു നൽകിയത്. പരാജയങ്ങളെ പോലും ആഘോഷമാക്കാനും അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് അതിവും കരുത്തോടെ മുന്നേറാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് വളർന്നുവരുന്ന ഓരോ സംരംഭകനും മാതൃക തന്നെ ആയിരുന്നു.
എങ്കിലും, കേരളത്തെയും ബിസിനസ് ലോകത്തെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് ആ വാർത്ത പുറത്തുവന്നത്. ആത്മവിശ്വാസത്തിന്റെ പര്യായമായിരുന്ന, കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് അപ്രതീക്ഷിതമായി ജീവനൊടുക്കി എന്ന വാർത്ത വിശ്വസിക്കാനാവാതെ ലോകം സ്തംഭിച്ചുനിന്നു. അദ്ദേഹം കെട്ടിപ്പടുത്ത സാമ്രാജ്യവും അദ്ദേഹം പകർന്നുനൽകിയ പാഠങ്ങളും ഇന്നും ബിസിനസ് ലോകത്ത് ഒരു വലിയ അടയാളമായി അവശേഷിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


