‘കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി; കുടുംബത്തിന് പകരം കഴിവിനെ അംഗീകരിക്കണം’: നെഹ്റു കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂർ

shashi tharoor + HRDS

നെഹ്‌റു കുടുംബത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാഹുലിനെയും പ്രിയങ്കയെയും സോണിയെയും പരോക്ഷമായി വിമര്‍ശിച്ച് തരൂരിന്റെ ലേഖനം. കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയെന്നും കുടുംബാധിപത്യം അവസാനിപ്പിക്കാന്‍ നിയമപരമായ പരിഷ്‌കരണം വേണമെന്നും ശശി തരൂര്‍ എ‍ഴുതി. മംഗളം ദിനപത്രത്തിലാണ് കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയെന്ന ബിജെപി വിമര്‍ശനത്തെ ന്യായീകരിക്കുന്ന ശശി തരൂരിന്റെ ലേഖനമുള്ളത്.

കോണ്‍ഗ്രസിനെതിരെ ബിജെപി തുടര്‍ച്ചയായി ഉന്നയിക്കുന്ന ആരോപണം അതേപടി ഏറ്റെടുത്താണ് തരൂരിന്റെ വിമര്‍ശനം. കുടുംബ വാഴ്ചയ്‌ക്കെതിരെയുള്ള തരൂരിന്റെ ലേഖനത്തില്‍ ഗാന്ധി കുടുംബത്തെ പരോക്ഷമായി തരൂര്‍ വിമര്‍ശിക്കുന്നുണ്ട്. മംഗളം ദിനപത്രത്തിലെ തരൂരിന്‍റെ ലേഖനത്തില്‍ കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും നെഹ്‌റു ഗാന്ധി കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനം
മറ്റു പാര്‍ട്ടികളിലേക്കും പടര്‍ന്നുവെന്നും പറയുന്നു. പരിചയത്തിനേക്കാള്‍ പാരമ്പര്യത്തിന് മുന്‍ഗണന നല്‍കുന്ന രീതി ശരിയല്ല.

ALSO READ; ‘അടുത്ത ലക്ഷ്യം ദാരിദ്ര്യം അവസാനിപ്പിക്കൽ’; കേന്ദ്രം നൽകേണ്ട തുക തന്നാൽ ക്ഷേപെൻഷൻ 2500 ആയി വർധിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

ഇത് ഭരണ നേതൃത്വത്തിന്റെ നിലവാരം കുറയ്ക്കും. സ്ഥാനാര്‍ത്ഥിയുടെ യോഗ്യത കുടുംബ പേരു മാത്രമാകുന്നു. കൂടുംബാധിപത്യക്കാര്‍ മണ്ഡലത്തിലെ ജനങ്ങളോട് ഫലപ്രദമായി ഇടപെടില്ലെന്നും തരൂര്‍ പറയുന്നു.ഇവരുടെ പ്രകടനം മോശമായാല്‍ ജനങ്ങളോട് കണക്ക് പറയേണ്ടതില്ല. കുടുംബ വാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കണം. ആഭ്യന്തരമായ പാര്‍ട്ടി തിരഞ്ഞെടുപ്പുകള്‍ വേണമെന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ നേതാക്കളെ തിരഞ്ഞെടുക്കണമെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു.

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും നിലവിലെ പാര്‍ട്ടി ദേശീയ നേതൃത്വം അദ്ദേഹത്തിനെതിരെ രംഗത്തെത്തിയതും തരൂര്‍ തന്റെ വാക്കുകളില്‍ പരോക്ഷമായി അടിവരയിടുന്നുണ്ട്. കുടുംബാധിപത്യം അവസാനിപ്പിക്കാന്‍ നിയമപരമായ പരിഷ്‌കരണം വേണമെന്നും ശക്തമായ ആവശ്യവും തരൂര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അകന്നു നില്‍ക്കുന്ന തരൂര്‍ നേരത്തെയും സമാനമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News