
അന്താരാഷ്ട്ര യാത്രകൾ കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടം പുതിയ ഇ-പാസ്‌പോർട്ടുകളുടെ വിതരണം ആരംഭിച്ചു. നിലവിൽ തിരഞ്ഞെടുത്ത പാസ്‌പോർട്ട് ഓഫീസുകളിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളതെങ്കിലും, വരും മാസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എന്താണ് ഇ-പാസ്‌പോർട്ട്?
പരമ്പരാഗത പാസ്‌പോർട്ടിന്റെ ഡിജിറ്റൽ പതിപ്പാണ് ഇ-പാസ്‌പോർട്ട് എന്നുപറയുന്നത്. ഇതിൽ ഒരു റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പും ആന്റിനയും ഘടിപ്പിച്ചിട്ടുണ്ടാവും. പാസ്‌പോർട്ട് ഉടമയുടെ വിരലടയാളം, ഡിജിറ്റൽ ഫോട്ടോ തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ഈ ചിപ്പിൽ സുരക്ഷിതമായി സൂക്ഷിക്കുന്നു.
ALSO READ: ട്രംപിന്റെ H1B വിസാ ഫീസ് കൂട്ടിയത് വഴി അടി കിട്ടിയത് ഇന്ത്യൻ ഐടി കമ്പനികൾക്ക്
സാധാരണ പാസ്‌പോർട്ടിൽ നിന്ന് ഇതിനെ തിരിച്ചറിയാൻ മുൻചട്ടയിൽ, പാസ്‌പോർട്ട് എന്ന തലക്കെട്ടിന് താഴെയായി ഒരു ചെറിയ സ്വർണ്ണ നിറത്തിലുള്ള ചിഹ്നം നൽകിയിട്ടുണ്ട്. ഇത് നിലവിലുള്ള പാസ്‌പോർട്ടിന് പകരമുള്ള ഒന്നല്ല, മറിച്ച് കൂടുതൽ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്ന ഒരു നൂതന പതിപ്പാണ്.
ഇതിന്റെ പ്രധാന സവിശേഷതകൾ നോക്കിയാലോ
ഇലക്ട്രോണിക് ചിപ്പ്: പാസ്‌പോർട്ടിന്റെ മുൻ കവറിൽ ഒരു ഇലക്ട്രോണിക് ചിപ്പ് സംയോജിപ്പിച്ചിരിക്കുന്നു.
ബയോമെട്രിക് വിവരങ്ങൾ: വിരലടയാളം, മുഖം, ഐറിസ് സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
വ്യക്തിഗത വിവരങ്ങൾ: പേര്, ജനനത്തീയതി, പാസ്‌പോർട്ട് നമ്പർ തുടങ്ങിയ വിവരങ്ങളും ചിപ്പിലുണ്ടാകും.
ഉയർന്ന സുരക്ഷ: എൻക്രിപ്റ്റ് ചെയ്ത കോൺടാക്റ്റ്‌ലെസ് ചിപ്പ് ആയതിനാൽ വിവരങ്ങൾ സുരക്ഷിതമായിരിക്കും. ഇത് വ്യാജമായി നിർമ്മിക്കാനോ തനിപ്പകർപ്പ് ഉണ്ടാക്കാനോ ഉള്ള സാധ്യതകൾ വളരെയധികം കുറയ്ക്കുന്നു.
അന്താരാഷ്ട്ര നിലവാരം: ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എങ്ങനെ അപേക്ഷിക്കാം?
ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ താഴെ പറയുന്നവയാണ്:
* ഔദ്യോഗിക പാസ്‌പോർട്ട് സേവാ പോർട്ടൽ സന്ദർശിക്കുക.
* പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുകയോ ലോഗിൻ ചെയ്യുകയോ ചെയ്ത ശേഷം ഇ-പാസ്‌പോർട്ട് അപേക്ഷാ ഫോം പൂരിപ്പിക്കുക.
* നിങ്ങളുടെ അടുത്തുള്ള പാസ്‌പോർട്ട് സേവാ കേന്ദ്രം (PSK) അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രം (POPSK) തിരഞ്ഞെടുക്കുക.
* ഇ-പാസ്‌പോർട്ടിന് ആവശ്യമായ ഫീസ് ഓൺലൈനായി അടയ്ക്കുക.
* തിരഞ്ഞെടുത്ത കേന്ദ്രത്തിൽ ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

