
പൂർണ ആരോഗ്യവാനായ സഹപ്രവർത്തകൻ നിനച്ചിരിക്കാതെ ഹൃദയാഘാതം വന്നു മരിച്ചതിന്‍റെ ഞെട്ടലിലാണ് ഒരു തൊഴിലുടമ. ഡൽഹിയിൽ നിന്നുള്ള പ്രൊഫഷണലായ കെ വി അയ്യരാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. സുഖമില്ലാത്തതിനാൽ ശങ്കർ എന്ന സഹപ്രവർത്തകൻ രാവിലെ തന്നെ അവധി അപേക്ഷിച്ചതായും, തുടർന്ന് താൻ അവധി അനുവദിച്ചതായും അദ്ദേഹം കുറിച്ചു. കടുത്ത നടുവേദന ആണെന്ന് പറഞ്ഞാണ് ശങ്കർ ലീവ് എടുത്തത്. രാവിലെ 8.37 നായിരുന്നു അദ്ദേഹത്തിന്‍റെ സന്ദേശം വന്നത്.
11 മണിയായപ്പോൾ തനിക്ക് ഒരു കാൾ വന്നതായും, അങ്ങേത്തലക്കൽ ഉള്ള ആൾ പറഞ്ഞത് കേട്ട് താൻ ഞെട്ടിത്തരിച്ചു പോയെന്നും അയ്യർ സോഷ്യൽ മീഡിയിൽ പങ്കുവച്ച കുറിപ്പിൽ എഴുതി. ശങ്കർ രാവിലെ 8.45 ന് ഹൃദയാഘാതം വന്നു മരിച്ചെന്നായിരുന്നു സന്ദേശം.
പത്ത് മിനിറ്റ് മുമ്പ് തന്നോട് സംസാരിച്ച മനുഷ്യൻ മരണപ്പെട്ടു പോയി എന്ന് വിശ്വസിക്കാനാകാതെ അദ്ദേഹം സംഭവം സത്യമാണോ എന്ന് മറ്റൊരാൾ മുഖേനെ അന്വേഷിച്ചു. അദ്ദേഹവും വിവരം ഉറപ്പിച്ചതോടെ താൻ ശങ്കറിന്‍റെ വീട്ടിലേക്ക് കുതിച്ചതായും അദ്ദേഹം എഴുതി.
‘ആറു വർഷക്കാലം അവൻ എന്‍റെ ടീമിന്‍റെ ഭാഗമായിരുന്നു. 40 വയസേ ഉണ്ടായിരുന്നുള്ളൂ. ഒരു കുട്ടിയുണ്ടായിരുന്ന അയാൾ ഒരിക്കലും പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ല. ജീവിതം പ്രവചനാതീതമാണ്. നിങ്ങളുടെ ചുറ്റുമുള്ളവരോട് ദയ കാണിക്കുക, സന്തോഷത്തോടെ ജീവിക്കുക, കാരണം അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ല’ – ഐയ്യർ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിൽ മരണപ്പെട്ട വ്യക്തിക്ക് ആദരാജ്ഞലികളർപ്പിച്ച് എത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

