
കന്നഡ ടെലിവിഷൻ താരം രശ്മി ലീല വിടവാങ്ങി. ദീർഘകാലമായി അസുഖബാധിതയായിരുന്ന രശ്മി ലീല 37-ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിടവാങ്ങൽ.
കന്നഡ കലാലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തുന്നതാണ് രശ്മി ലീലയുടെ വിയോഗം. തന്റെ രോഗത്തിനെതിരെ ധീരതയോടെ പോരാടിയ പോരാളിയാണ് രശ്മി ലീലയെന്ന് സഹപ്രവർത്തകർ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. ഭർത്താവ് സറക്കി മഞ്ജു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് മരണവാർത്ത പുറംലോകം അറിഞ്ഞത്.
കഴിഞ്ഞ ഏഴ് വർഷമായി റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്ന രോഗത്തിന്റെ പിടിയിലായിരുന്നു രശ്മി. രോഗം മൂർച്ഛിച്ചതോടെ ശ്വാസകോശത്തെ ബാധിക്കുന്ന ‘പൾമണറി ഫൈബ്രോസിസ്’ എന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറി സ്ഥിഗതികള്‍ വഷളായി. ശ്വാസകോശ കോശങ്ങൾ നശിക്കുന്ന അവസ്ഥയാണിത്. കഴിഞ്ഞ ഒരു വർഷമായി ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് താരത്തിന്റെ ജീവൻ നിലനിർത്തിയത്.
കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു രശ്മിയുടെ ചികിത്സാ ചെലവ്. അപ്പോഴെല്ലാം കന്നഡ സിനിമാ-ടെലിവിഷൻ മേഖലയിലെ സഹപ്രവർത്തകർ ഒന്നടങ്കം സഹായഹസ്തവുമായി എത്തി. ലക്ഷക്കണക്കിന് രൂപ സമാഹരിച്ച് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ഏകദേശം 19 ലക്ഷം രൂപ ചെലവഴിച്ച് ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെങ്കിലും താരം പുതിയൊരു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷകളെ തച്ചുതകർത്ത് രശ്മി മരണത്തിലേക്ക് നടന്നു നീങ്ങി. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് തിരിച്ചടിയായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


