
എപ്സ്റ്റീന്‍ ഫയലുകളില്‍ നാണം കെട്ട് മോദി സര്‍ക്കാര്‍. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പേര് പരാമര്‍ശിച്ചത് നൂറിലേറെ തവണയെന്ന് റിപ്പോര്‍ട്ട്. സന്നദ്ധ സംഘടനയുടെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടത് എന്ന കേന്ദ്രമന്ത്രിയുടെ വാദവുമായി പൊരുത്തപ്പെടാത്ത തെളിവുകളാണ് ഇപ്പോള്‍ വരുന്നത്. ഇതോടെ കൂടുതൽ പ്രതിരോധത്തിലാവുകയാണ് കേന്ദ്ര സര്‍ക്കാര്‍.
എപ്സ്റ്റീന്‍ ലൈബ്രറിയില്‍ കേന്ദ്രമന്തി ഹര്‍ദീപ് സിങ് പുരിയുടെ പേര് പരാമര്‍ശിച്ചത് 163 തവണയെന്നാണ് റിപ്പോര്‍ട്ട്. ഇതുകൂടാതെ ഹര്‍ദീപ് പുരി എന്നത് 46 തവണയും ഹര്‍ദീപ് എന്ന് 430 തവണയും പരാമര്‍ശിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് കമ്മിഷന്റെ ഭാഗമായിരുന്നപ്പോള്‍ ഔദ്യോഗിക ആവശ്യങ്ങളുടെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടതെന്ന മന്ത്രിയുടെ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്.
എപ്സ്റ്റീന്‍റെ നിഗൂഢ ദ്വീപിനെക്കുറിച്ച് പുരിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു എന്നും പുറത്തുവന്ന ഇമെയില്‍ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. എപ്സ്റ്റീന്‍റെ അനുയായിക്ക് ഇന്ത്യന്‍ വിസ തരപ്പെടുത്താനും പുരി ഇടപെടലുകള്‍ നടത്തിയിരുന്നു. 2014 ഒക്ടോബറില്‍ അനുയായിക്ക് വിസ തരപ്പെടുത്തണമെന്ന് എപ്സ്റ്റീന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പുരി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിലെ പര്‍മോദ്കുമാര്‍ ബജാജിന് സന്ദേശമയക്കുകയായിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് രണ്ട് വര്‍ഷം മുമ്പുവരെ എപ്സ്റ്റീന്‍ പുരിയുമായി ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പുരി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും എപ്സ്റ്റീന്‍ ഫയലില്‍ പരാമര്‍ശിച്ചതിനാല്‍ വിഷയത്തില്‍ കേന്ദ്രം മൗനം തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


