തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം: മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം ഡിഎംകെയിൽ ചേർന്നു; സ്വീകരിച്ച് സ്റ്റാലിൻ

O Panneerselvam to DMK

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക രാഷ്ട്രീയ നീക്കം. എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം എന്ന ഒപിഎസ് ഡിഎംകെയിൽ ചേർന്നു. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തിലെത്തിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുതിർന്ന നേതാക്കളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സ്റ്റാലിനിൽ നിന്ന് തന്നെ പനീർശെൽവം അംഗത്വവും സ്വീകരിച്ചു.

ഡിഎംകെയിൽ എത്തുന്നതിന് മുമ്പ് എം എൽ എ സ്ഥാനം രാജിവെച്ചിട്ടാണ് ഒപിഎസ് നിർണായക രാഷ്ട്രീയ കൂറുമാറ്റത്തിന് പുറപ്പെട്ടത്. കേവലം സഖ്യകക്ഷിയായല്ല, മറിച്ച് ഡിഎംകെയിൽ നേരിട്ട് അംഗമായി പ്രവർത്തിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നും അതിനാലാണ് എംഎൽഎ സ്ഥാനം പോലും വിട്ടെറിഞ്ഞതെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ALSO READ; ദില്ലി മദ്യനയ അഴിമതി കേസിൽ സി ബി ഐക്ക് തിരിച്ചടി; അരവിന്ദ് കെജ്രിവാൾ കുറ്റവിമുക്തൻ

സ്റ്റാലിൻ സർക്കാരിനെ പ്രശംസിച്ചു കൊണ്ടാണ് ഒപിഎസ് ഡിഎംകെയിലേക്ക് എത്തുന്നത്. അഞ്ചുവർഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രി കൈവരിച്ച നേട്ടങ്ങൾ ജന മനസുകളെ കീഴടക്കിയിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ സ്റ്റാലിന്റെ രണ്ടാം വരവിന് സംസ്ഥാനം സാക്ഷിയാകുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് തമിഴ്‌നാട്ടിൽ നടക്കുന്ന ഏറ്റവും സുപ്രധാനമായ രാഷ്ട്രീയ നീക്കമാണിത്. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള വഴികളടഞ്ഞതോടെ, അവസരം മുതലാക്കി ഡിഎംകെ നേതാക്കൾ ചർച്ചകൾ നടത്തിയാണ് പനീർസെൽവത്തെ സ്വന്തം പാളയത്തിൽ എത്തിക്കുന്നത്. തെരഞ്ഞെടുപ്പിൽ തേനിയിലെ ബോഡിനായ്ക്കന്നൂർ നിയോജക മണ്ഡലത്തിൽ നിന്ന് അദ്ദേഹം ഡിഎംകെ സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News