
മുംബൈയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകാൻ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ‘ഡബ്ല്യൂ എം സി മുംബൈ ഗോൾഡൻ ഹാർട്സ്’ ഫിലിം അവാർഡ് നിശയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. സിനിമാ താരങ്ങളുടെ സാന്നിധ്യവും സംഗീത–ഹാസ്യ വിരുന്നും നിറഞ്ഞ മഹാരാവ് മാർച്ച് 22ന് ഷണ്മുഖാനന്ദ ഹാളിൽ അരങ്ങേറും.
മുംബൈയിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ വർഷങ്ങളിൽ 350ൽ പരം സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ നടത്തി നൽകിയ സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ. നിർധന കുടുംബങ്ങളിലെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരങ്ങൾക്കാണ് ചികിത്സാ സഹായം ലഭിച്ചത്.
എച്ച് എസ് സി, എസ് എസ് സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നതടക്കമുള്ള സേവന പ്രവർത്തനങ്ങൾ തുടരാനും വിപുലീകരിക്കാനുമായാണ് ധനശേഖരണത്തിന്റെ ഭാഗമായി ‘ഡബ്ല്യൂ എം സി മുംബൈ ഗോൾഡൻ ഹാർട്സ്’ സംഘടിപ്പിക്കുന്നതെന്ന് വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് കെ. കെ. നമ്പ്യാർ അറിയിച്ചു.
മാർച്ച് 22 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഷണ്മുഖാനന്ദ ഹാളിൽ നടക്കുന്ന ഫിലിം അവാർഡ് നിശയിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. ജനറൽ സെക്രട്ടറി എം. കെ. നവാസ്, ചെയർമാൻ ഗോകുൽദാസ് മാധവൻ, ട്രഷറർ രാജേഷ് മാധവൻ തുടങ്ങിയവർ അന്ധേരിയിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മെഗാ ഷോയുടെ പ്രചാരണ പത്രിക വ്യവസായി എസ് ജി നായർക്ക് കൈമാറി ശ്രീനാരായണ മന്ദിര സമിതി ചെയർമാൻ എൻ. മോഹൻദാസ് പ്രകാശനം ചെയ്തു. ജോജു ജോർജ്, ബേസിൽ ജോസഫ്, പ്രകാശ് വർമ്മ, ശ്വേതാ മേനോൻ, ദർശന രാജേന്ദ്രൻ, സംഗീത് പ്രതാപ്, നന്ദു പൊതുവാൾ എന്നിവർക്കൊപ്പം നിർമ്മാതാക്കളായ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, ഗുഡ്നൈറ്റ് മോഹൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
പുരസ്കാര വിതരണത്തോടൊപ്പം സംവിധായകനും ഗായകനുമായ നാദിർഷ നയിക്കുന്ന സംഗീത–ഹാസ്യ പരിപാടിയും ആഘോഷരാവിന് നിറം പകരും. സിനിമയും സേവനവും കൈകോർക്കുന്ന ഈ മെഗാ ഷോ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

