
കർണാടക കോൺഗ്രസ് സർക്കാറിന്റെ ബുൾഡോസർ രാജിൽ എല്ലാം നഷ്ടപ്പെട്ടവർക്കിടയിൽ ദുരിതത്തിൽ കഴിയുകയാണ് നൂറുകണക്കിന് കുട്ടികൾ. തകർത്ത വീടുകൾക്കടിയിൽ പുസ്തകങ്ങളും പഠനോപകരണങ്ങളുമെല്ലാം നഷ്ടപ്പെട്ടതോടെ പഠനം തന്നെ മുടങ്ങിയിരിക്കുകയാണ്.
യെലഹങ്കയിലെ ഫക്കീർ ലേ ഔട്ടിലും വസിം ലേ ഔട്ടിലുമെത്തിയാൽ കാണുന്ന കുട്ടികളുടെ കാഴ്ചകൾ ആരുടെയും ഹൃദയം തകർക്കും. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ചെളിയും മണ്ണും മാലിന്യങ്ങളും നിറഞ്ഞ വൃത്തിഹീനമായ അന്തരീക്ഷത്തിൽ മുതിർന്നവർക്കൊപ്പം കഴിയുകയാണവർ.
പ്രദേശത്തെ കുട്ടികളിൽ ഭൂരിഭാഗം പേരും പഠിക്കുന്നത് തൊട്ടടുത്ത കൊഗിലു ഗവ. ഉറുദു യുപി സ്കൂളിലാണ്. ഈ മാസം 19നാണ് അവസാനമായി സ്കൂളിൽ പോയത്. 20 ന് പുലർച്ചെ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന മനുഷ്യർക്കിടയിലേക്ക് ബുൾഡോസറുകൾ ഇരച്ചെത്തിയപ്പോൾ വീട്ടിൽ നിന്നും ഗ്യാസ് കുറ്റികൾ മാത്രമാണ് എടുത്തുമാറ്റാൻ അനുവദിച്ചത്. വീട്ടുപകരണങ്ങൾക്കൊപ്പം കുട്ടികളുടെ ബാഗും പുസ്തകങ്ങളും പഠനോപകരണങ്ങളുമെല്ലാം മണ്ണിലമർന്നു. പാഠ പുസ്തകങ്ങളില്ലാതെ ഇനി എങ്ങനെ സ്കൂളിൽ പോകുമെന്നറിയില്ല. പ്രദേശത്തെ 141 കുട്ടികളാണ് ദുരന്തഭൂമിയിലെന്ന പോലെ കഴിയുന്നത്.
ALSO READ: കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജ്; യെലഹങ്കയിലെ ക്രൂരത; നേർക്കാഴ്ചകളുടെ റിപ്പോർട്ട്
കുട്ടികൾക്ക് കുളിക്കാനോ പ്രാഥമിക കൃത്യം നിർവഹിക്കാനോ ഉള്ള സൗകര്യം പോലും ഇവിടെയില്ല. അധികൃതരാരും തിരിഞ്ഞുനോക്കുന്നില്ല. സംഭവത്തിന് ശേഷം ഉറുദു സ്കൂൾ മുറ്റം ദുരിതാശ്വാസ ക്യാമ്പിന് സമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

