
മുംബൈയിലെ ബാന്ദ്രയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ കാർഗോ ഷോ രാജ്യത്തെയും ലോകത്തെയും ലോജിസ്റ്റിക്‌സ് മേഖലയിലെ പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഏഷ്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് – മൾട്ടിമോഡൽ എക്സിബിഷനുകളിലൊന്നായി മാറിയ ഷോയിൽ 200-ലധികം ബ്രാൻഡുകളാണ് സാന്നിധ്യമറിയിച്ചത്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലെക്സിൽ ജിയോ വേൾഡ് സെന്‍ററിലാണ് കാർഗോ ഷോ സംഘടിപ്പിച്ചത്. ഡിസംബർ 10 മുതൽ 12 വരെ മൂന്ന് ദിവസം നീണ്ട എക്സിബിഷനിൽ 200-ലധികം ബ്രാൻഡുകളും എക്സിബിറ്റർമാരും, ഇരുപതിനായിരത്തിലധികം സന്ദർശകരുമാണ് ഇതുവരെ പങ്കെടുത്തത്.
70-ലധികം സ്പീക്കർമാർ പങ്കെടുത്ത കോൺഫറൻസുകളും പാനൽ ചര്‍ച്ചകളും ലോജിസ്റ്റിക്സ് മേഖലയിലെ പുതുമകൾ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഇന്ത്യയുടെ ഗ്ലോബൽ ട്രേഡ് സാധ്യതകൾ എന്നിവ ചർച്ച ചെയ്തു. മുംബൈയിൽ മലയാളികൾ ആധിപത്യം പുലർത്തുന്ന മേഖല കൂടിയാണ് ലോജിസ്റ്റിക്. കേരളം കൂടാതെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഈ മേഖലയുമായി ബന്ധപ്പെട്ട നിരവധി മലയാളികളും സന്ദർശകരിൽ ഉൾപ്പെടും.
എയർ, മാരിടൈം, റോഡ്, മൾട്ടിമോഡൽ കാർഗോ, വെയർഹൗസിംഗ്, കോൾഡ് ചെയിൻ, ഓട്ടോമേഷൻ തുടങ്ങിയ മേഖലകളെ ഒറ്റ വേദിയിൽ ഒന്നിപ്പിക്കുന്ന ഈ ഷോ വ്യവസായത്തിനാവശ്യമായ നെറ്റ്‌വർക്കിംഗിനും ബിസിനസ് അവസരങ്ങൾക്കുമുള്ള മികച്ച പ്ലാറ്റ്‌ഫോമാണെന്നാണ് ഈ മേഖലയിലെ പ്രമുഖനായ ഷൈബു വർഗീസ് പറയുന്നത്. കാർഗോ വിഭാഗത്തിലെ നൂതന സംവിധാനങ്ങൾ പരിചയപ്പെടുത്തി ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ വിമാനത്താവളമായ നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് സ്റ്റാളും സജീവമായിരുന്നു.
മുംബൈയിലെ രണ്ടാമത്തെ അന്താരാഷ്ട്ര എയർപോർട്ട് തുറന്നിടുന്നത് കൂടുതൽ അവസരങ്ങളും സൗകര്യങ്ങളുമാണെന്ന് ഷൈബു പറയുന്നു. ഇന്ത്യയെ ഒരു ഗ്ലോബൽ ലോജിസ്റ്റിക്സ് ഹബ്ബ് ആക്കുന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പായാണ് IICS cargo exhibition പ്രവർത്തിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. ഇന്ത്യയുടെ ഇറക്കുമതി – കയറ്റുമതി അടിസ്ഥാനസൗകര്യം കൂടുതൽ ശക്തിപ്പെടുത്തുക എന്നതും ലക്ഷ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

