
രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന അമേരിക്കയുമായുള്ള വ്യാപാരക്കരാറിൽ വിശദീകരണം നൽകി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ‘വികസിത് ഭാരത് 2047’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് കരാർ എന്നായിരുന്നു ഗോയലിന്‍റെ വാദം. ഇതിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷം മോദി കീഴടങ്ങിയെന്ന പ്ലക്കാർഡുകൾ ഉയർത്തി നടുത്തളത്തിൽ ഇറങ്ങി.
വ്യാപാര കരാർ ഇന്ത്യൻ കർഷകരുടെ താൽപര്യം സംരക്ഷിക്കുമെന്ന പൊള്ളയായ വാദങ്ങളും ഗോയൽ ലോക്സഭയിൽ ഉയർത്തി. കരാറിലെ അമേരിക്കൻ ആധിപത്യം മറച്ചുവെച്ച് രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള കരാറാണിത് എന്നും പിയൂഷ് ഗോയൽ പറഞ്ഞു.
ALSO READ; വ്യാപാരക്കരാർ: ട്രംപ് കൽപിക്കും, മോദി വാങ്ങും; യുഎസിന് അടിയറവ് പറയുമ്പോൾ സംഭവിക്കുന്നത്
എന്നാൽ, കരാറിലൂടെ ഇന്ത്യൻ വ്യാപാരമേഖലയെ യുഎസിന് അക്ഷരാർത്ഥത്തിൽ അടിയറവ് വെക്കുകയായിരുന്നു പ്രധാനമന്ത്രി എന്ന് പരിശോധിച്ചാൽ മനസിലാകും. കാലങ്ങളായി കുറഞ്ഞ വിലക്ക് എണ്ണ നൽകിക്കൊണ്ടിരിക്കുന്ന റഷ്യയെ അവഗണിച്ച് അമേരിക്കയിൽ നിന്നും ഉയർന്ന വിലയ്ക്ക് എണ്ണ വാങ്ങേണ്ട സ്ഥിതിയാണ് ഇന്ത്യക്ക് നിലവിലുള്ളത്. കരാർ നിലവിൽ വരുന്നതോടെ ഇന്ത്യൻ വിപണിയിലേക്ക് അമേരിക്കയുടെ ഉത്പന്നങ്ങൾ മാത്രം ഒഴുകാൻ തുടങ്ങും. ഇന്ത്യയിലേക്ക് ഒഴുകുന്ന അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾക്ക് മുന്നിൽ ഇവിടത്തെ കാർഷിക മേകലക്ക് പിടിച്ചു നിൽക്കാനാകാതെ വരും.
ഇന്ത്യയുടെ കാർഷിക, ക്ഷീര മേഖലകളെ ദോഷകരമായി ബാധിക്കാത്ത രീതിയിലാണ് ഈ കരാർ തയ്യാറാക്കിയിരിക്കുന്നതെന്നാണ് പിയൂഷ് ഗോയലിന്‍റെ വാദം. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. രാജ്യത്തിൻറെ ഊർജ പരമാധികാരത്തോടൊപ്പം കാർഷിക മേഖലകൂടി യുഎസിന്‍റെ കാൽക്കീഴിൽ കൊണ്ടുവെക്കുന്നതിന് എതിരെ, സഭയ്ക്കത്തും പുറത്തും പ്രതിപക്ഷം വൻ പ്രതിഷേധമാണ് നടത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

