വ്യാപാരക്കരാർ: ട്രംപ് കൽപിക്കും, മോദി വാങ്ങും; യുഎസിന് അടിയറവ് പറയുമ്പോൾ സംഭവിക്കുന്നത്

india us trade deal analysis

ആരാണ് രാജ്യത്തിന്‍റെ പ്രധാനമന്ത്രി? ഇന്നലെ പാർലമെന്റിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ഒരു ചോദ്യമാണിത്. കുറച്ചുകാലം മുമ്പായിരുന്നെകിൽ തമാശയായി കാണാമായിരുന്ന ഒരു ചോദ്യത്തിന് ഭീതിപ്പെടുത്തുന്ന ഒരു നിശ്ശബ്ദതയായിരുന്നു ഇന്നലത്തെ മറുപടി. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ഇന്ത്യ – പാക് സംഘർഷം കഴിഞ്ഞത് മുതൽ രാജ്യത്തിന്‍റെ വിദേശകാര്യം മുതൽ വ്യാപാരം വരെ തീരുമാനിക്കുന്നത് ഇപ്പോൾ ഡൊണാൾഡ് ട്രംപാണെന്ന വിമർശനം ശക്തമാണ്. അത്തരം ആരോപണങ്ങൾ സത്യമാണെന്ന് ശെരിവെക്കുന്ന അവസാനത്തെ ഉദാഹരണമാണ് ഇന്ത്യ – യുഎസ് വ്യാപാരക്കരാർ.

അമേരിക്ക പറയും, നമ്മൾ കേൾക്കും

ലക്ഷം കോടികളുടെ വിലയുള്ള, രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനമുണ്ടാക്കുന്ന, ഒരു വ്യാപാരക്കരാർ ഒപ്പുവച്ചിട്ട് പാർലമെന്‍റോ ജനപ്രതിനിധികളോ ജനങ്ങളോ ഒന്നും കേന്ദ്രത്തിലെ ഡബിൾ എൻജിൻ സർക്കാരിൽ നിന്നും ഒരുവാക്ക് പോലും കേട്ടില്ല. കാരണം, കുതിച്ചോടാൻ ഡബിൾ എൻജിനൊക്കെ ഉണ്ടെങ്കിലും ചൂളം വിളിക്കാനുള്ള അനുവാദം അമേരിക്ക കൊടുത്തിരുന്നില്ല.

എന്തുണ്ടെങ്കിലും ആദ്യം ഞാൻ പ്രഖ്യാപിക്കും, അതുകഴിഞ്ഞ് അനുമതി തന്നിട്ട് വാ തുറന്നാൽ മതി എന്ന് ട്രംപ് ഓർഡർ കൊടുത്തതിന്റെ തെളിവായിരുന്നു കരാറുമായി ബന്ധപ്പെട്ട് വന്ന സോഷ്യൽ മീഡിയ പ്രഖ്യാപനങ്ങൾ.

ALSO READ; വ്യാപാരക്കരാറിലെ പ്രതിഷേധങ്ങൾക്കിടയിലും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാ‍ഴ്ച നടത്തി എസ് ജയശങ്കർ

ഫെബ്രുവരി 2 ന് രാത്രി ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോർ പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചെന്നും കാത്തിരിക്കൂ എന്നും എക്സിൽ അറിയിപ്പ് പുറപ്പെടുവിക്കുന്നു. തുടർന്ന് പതിവ് പോലെ ട്രംപിന്റെ തുറന്നടിച്ച പ്രഖ്യാപനം. “റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനും അമേരിക്കയിൽ നിന്നും വെനിസ്വേലയിൽ നിന്നും കൂടുതൽ വാങ്ങാനും മോദി സമ്മതിച്ചു” എന്നായിരുന്നു ആ പ്രഖ്യാപനം. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 18% തീരുവയാക്കും. ഇതിന് പകരം ഇന്ത്യ അമേരിക്കയ്‌ക്കെതിരായ അവരുടെ താരിഫുകളും താരിഫ് ഇതര തടസ്സങ്ങളും പൂർണമായും എടുത്തുകളയും. 500 ബില്യൺ ഡോളറിലധികം മുടക്കി യുഎസിൽ നിന്നും ഊർജ്ജം, സാങ്കേതികവിദ്യ, കൃഷി, കൽക്കരി അടക്കം മറ്റ് നിരവധി ഉത്പ്പന്നങ്ങൾ വാങ്ങാനും മോദി സമ്മതിച്ചതായും ട്രംപ് ഒറ്റശ്വാസത്തിൽ പ്രഖ്യാപിക്കുന്നു.

ഇതിന് മറുപടിയായി, ഇന്ത്യയുടെ താരിഫ് 25 ഇൽ നിന്നും 18 ആക്കി കുറച്ചതിന് രാജ്യത്തെ സമ്പത്ത് മൊത്തം അമേരിക്കൻ സാമ്രാജ്യത്തിന് എഴുതിക്കൊടുത്തിട്ട് ജി യുടെ പോസ്റ്റ് ഇങ്ങനെയാണ് തുടങ്ങുന്നത്: ‘മൈ ഡിയർ ഫ്രണ്ട്’… പകരചുങ്കങ്ങൾ കൊണ്ടും ഭീഷണികൾ കൊണ്ടും ഇന്ത്യയെയും ഇവിടത്തെ ജനങ്ങളെയും വട്ടം കറക്കിയ ഒരാളെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത് തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തെന്നായിരുന്നു.

ALSO READ; ഇന്ത്യ – യുസ് വ്യാപാര കരാറിൽ പ്രതിഷേധം ശക്തം: പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധമാകും; എതിർപ്പുമായി കർഷക സംഘടനകളും

കരാറിലൂടെ സംഭവിക്കുന്നത്…

ഇന്ത്യൻ വ്യാപാരമേഖലയും വിദേശ സൗഹൃദങ്ങളും യുഎസിന് അക്ഷരാർത്ഥത്തിൽ അടിയറവ് വെക്കുകയായിരുന്നു പ്രധാനമന്ത്രി എന്ന് കരാർ പരിശോധിച്ചാൽ മനസിലാകും. കാലങ്ങളായി കുറഞ്ഞ വിലക്ക് എണ്ണ നൽകിക്കൊണ്ടിരിക്കുന്ന റഷ്യയെ ട്രംപിന് വഴങ്ങി പിന്നിൽ നിന്നും കുത്തി. പകരം ഇനി ശതകോടികൾ വരുന്ന ജനങ്ങളുടെ നികുതിപ്പണം കൊണ്ട് യുഎസിൽ നിന്നും യുഎസ് നിയന്ത്രണത്തിലുള്ള വെനസ്വേലയിലെ എണ്ണക്കമ്പനികളിൽ നിന്നും കൂടിയ വിലക്ക് എണ്ണ വാങ്ങാമെന്ന് ഒപ്പിട്ടു കൊടുത്തു. റഷ്യൻ എണ്ണ ഒ‍ഴിവാക്കിയാൽ രാജ്യത്തിന്‍റെ ഇറക്കുമതി ചെലവിൽ ഒന്നേകാൽ ലക്ഷം കോടിയുടെ വർധനവാണ് ഉണ്ടാവുക. കരാർ നിലവിൽ വരുന്നതോടെ ഇന്ത്യൻ വിപണിയിലേക്ക് അമേരിക്കയുടെ ഉത്പന്നങ്ങൾ മാത്രം ഒഴുകാൻ തുടങ്ങും. അതിനാണെങ്കിൽ പൂജ്യം രൂപയാണ് തീരുവ എന്നതും മറന്നു പോകരുത്.

ഇന്ത്യയുടെ കാർഷിക – വ്യവസായ മേഖലകൾക്ക് ഇത് വൻ തിരിച്ചടിയുണ്ടാകും. രാജ്യത്തെ 60% പേരും കർഷകരാണ്. ഇന്ത്യയിലേക്ക് ഒഴുകുന്ന അമേരിക്കൻ കാർഷിക ഉത്പന്നങ്ങളോട് അവർക്ക് പിടിച്ചുനിൽക്കാനാകില്ല. അരിയും ഗോതമ്പും മുതൽ പാൽ, ഇറച്ചി വരെ ഇങ്ങനെ ഒഴുകിയെത്തുമ്പോൾ ഏകദേശം പതിനെട്ടോളം കാർഷിക മേഖലകളാണ് ഇവിടെ വൻ പ്രതിസന്ധിയിലാകാൻ പോകുന്നത്. വ്യവസായ യന്ത്രങ്ങൾ, ഓട്ടോമൊബൈൽ, മരുന്നുകൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തുടങ്ങിയവയും തീരുവയില്ലാതെ യുഎസ് കയറ്റുമതി ചെയ്യും. ചരക്ക് വ്യാപാരത്തിൽ നിലവിൽ യുഎസുമായി ഇന്ത്യക്ക് 4.19 ലക്ഷം കോടിയുടെ വ്യാപാരമിച്ചമുണ്ട്. കരാറോടെ ഇതും നഷ്ടമാകും.

ALSO READ; ഇന്ത്യ യുഎസ് വ്യാപാര കരാർ: സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി ഡോ ജോൺ ബ്രിട്ടാസ് എം പി

രാജ്യത്തിൻറെ ഊർജ പരമാധികാരത്തോടൊപ്പം കാർഷിക മേഖലകൂടി യുഎസിന്‍റെ കാൽക്കീഴിൽ കൊണ്ടുവെക്കുമ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഭാവിയാണ് ഇരുട്ടിലാകുന്നത്. ഭീഷണികൾക്ക് വഴങ്ങാതെ യുഎസ് ഉത്പന്നങ്ങളുടെ തീരുവ ഉയർത്തിയും ബദൽ വിപണി കണ്ടെത്തിയും ചൈനയും റഷ്യയും അടക്കമുള്ള ശക്തരായ രാജ്യങ്ങൾക്കൊപ്പം ഒറ്റക്കെട്ടായി നിന്ന് വിപണി വിപുലപ്പെടുത്തുകയും ചെയ്യാതെ ട്രംപിന് മുന്നിൽ മുട്ടിലിഴയുന്നതിന്റെ കാരണമാണ് ഇനി നമുക്ക് അറിയേണ്ടത്. കേന്ദ്രത്തിലെ ബിജെപിയുടെ ഗൂഢ ബിസിനസ് താല്പര്യങ്ങളോ അതോ എപ്‌സ്റ്റൈൻ ഫയലുകളിലെ കറുത്ത വരകൾക്ക് പിന്നിൽ ഇനിയും ബാക്കിയുള്ള പേരുകളോ – എന്താണെന്ന് വരും നാളുകളിൽ കണ്ടറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News