
ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു. 70 വയസായിരുന്നു. അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഫെവിക്കോൾ, കാഡ്ബറി, ഏഷ്യൻ പെയിന്റ്സ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ ഐക്കോണിക് പരസ്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് പിയൂഷ് പാണ്ഡെ. നാല് പതിറ്റാണ്ടോളം പരസ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന പാണ്ഡെ, ഒഗിൽവിയുടെ വേൾഡ് വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ഇന്ത്യയുടെ എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു.
ആളുകളുടെ ദൈനംദിന ജീവിതത്തിൽ വേരൂന്നിയ ഉള്ളടക്കങ്ങളിലൂടെ വമ്പൻ ബ്രാൻഡുകളെ സാധാരണക്കാരുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച പാണ്ഡെയുടെ അന്ത്യത്തിലൂടെ, ഇന്ത്യൻ പരസ്യ മേഖലയുടെ സുവർണയുഗമാണ് അവസാനിക്കുന്നത്. ബ്രാൻഡ് കമ്യൂണിക്കേഷന്‍റെ ഭാഷ, ഘടന, വൈകാരിക ആഴം എന്നിവ നിശ്ചയിക്കുന്നതിൽ വളരെയധികം സ്വാധീനം ചെലുത്താൻ പാണ്ഡെക്കായി.
1982 ൽ 27 വയസുള്ളപ്പോഴാണ് പാണ്ഡെ ഒഗിൽവിയിൽ ചേർന്നത്. ഇന്ത്യൻ പരസ്യ മേഖലയിൽ ഇംഗ്ലീഷ് ആധിപത്യം പുലർത്തിയിരുന്ന കാലഘട്ടമായിരുന്നു അത്. ഏഷ്യൻ പെയിന്റ്സ് (ഹർ ഖുഷി മേ റംഗ് ലായേ), കാഡ്ബറി (കുച്ച് ഖാസ് ഹേ), ഫെവിക്കോൾ, ഹച്ച് തുടങ്ങിയ ബ്രാൻഡുകൾക്കായുള്ള ഇന്ത്യൻ ടച്ചുള്ള പരസ്യങ്ങൾ പാണ്ഡെ സൃഷ്ട്ടിച്ചു. ഹിന്ദിയും സംഭാഷണത്തിൽ ഇന്ത്യൻ ശൈലികളും മുഖ്യധാരാ പരസ്യത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നു.
‘ഇന്ത്യൻ പരസ്യത്തിന്‍റെ ഭാഷ മാത്രമല്ല, അതിന്‍റെ വ്യാകരണവും മാറ്റിയ വ്യക്തി’യെന്നും പാണ്ഡെ അറിയപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഒഗിൽവി ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ അവാർഡുകൾ ലഭിച്ച പരസ്യ ഏജൻസികളിൽ ഒന്നായി മാറി. 2023 ൽ ഒഗിൽവിയിൽ നിന്നും അദ്ദേഹം വിരമിച്ചു.
അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ രാവിലെ 11 മണിക്ക് മുംബൈയിൽ നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

