
ഇൻഡിഗോ പ്രതിസന്ധിയിൽ താൽക്കാലിക ആശ്വാസം. പൈലറ്റുമാരുടെ വിശ്രമ സമയത്തിൽ ഇളവ് നൽകി ഡിജിസിഎ. അതേസമയം പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ. ദില്ലി തിരുവനന്തപുരം ടിക്കറ്റ് നിരക്ക് 82,000ത്തിനു മുകളിലെത്തി. ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിൽ കേന്ദ്രസർക്കാർ ഇടപെടാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
കേന്ദ്ര സർക്കാർ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്തിയ ഫ്ലൈറ്റ് ഡ്യൂട്ടി നിബന്ധനകളാണ് ഇൻഡിഗോ വിമാന സർവീസുകളെ സാരമായി ബാധിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ നിബന്ധനകളിൽ ഡിജിസിഎ ഇളവു വരുത്തി. ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന് നിർദ്ദേശം പിൻവലിച്ചു. രാത്രി ലാൻഡിംഗുകളുടെ എണ്ണം 6ൽ നിന്നും രണ്ടായി കുറച്ചതും പ്രതിസന്ധിക്ക് കാരണമാണ്. നിബന്ധനകളിലെ ഇളവ് താൽക്കാലിക ആശ്വാസമാകും എന്നാണ് വിലയിരുത്തൽ. യാത്രക്കാരുടെ ടിക്കറ്റ് പണം മുഴുവനായി തിരികെ നൽകുമെന്നു ഇൻഡിഗോ അറിയിച്ചു.
ALSO READ: കൊല്ലം മൈലക്കാട് ദേശീയ പാത ഇടിഞ്ഞ് താഴ്ന്നു; സ്കൂൾ ബസുൾപ്പെടെ നാല് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
അതേ സമയം അവസരം മുതലെടുക്കുകയാണ് മറ്റു വിമാന കമ്പനികൾ. ആഭ്യന്തര സർവീസുകൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി.82000 ത്തിന് മുകളിലാണ് ദില്ലി തിരുവനന്തപുരം ടിക്കറ്റ് നിരക്ക്. കരിപ്പൂർ വിമാനത്താവളത്തിലേക്ക് 50000 മുകളിലാണ് നിരക്ക്. ദില്ലി ചെന്നൈ ടിക്കറ്റ് 1ലക്ഷത്തിനു മുകളിലെത്തി.
അതേ സമയം വിമാന ടിക്കറ്റ് നിയന്ത്രണത്തിൽ കേന്ദ്രസർക്കാർ ഇതുവരെയും ഇടപെടാൻ തയ്യാറായിട്ടില്ല. ടിക്കറ്റ് നിരക്കിൽ സ്വതന്ത്രമായി ഇടപെടാൻ സാധിക്കില്ലെന്ന് ആയിരുന്നു കഴിഞ്ഞ ദിവസം പാർലമെന്റിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


