
പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് കാൻസർ മരുന്ന് വികസിപ്പിക്കാനെന്ന പേരിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് മധ്യപ്രദേശിൽ നടത്തിയ പത്തുവർഷം നീണ്ട ഗവേഷണം വലിയ സാമ്പത്തിക വിവാദത്തിലേക്ക്. മധ്യപ്രദേശിലെ ജബൽപുർ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ഗവേഷണത്തിലാണ് കോടികളുടെ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ഡിവിഷണൽ കമ്മീഷണർ അഡീഷണൽ കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.
2011-ലാണ് കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് പശുവിന്റെ ഉൽപ്പന്നങ്ങൾ (പഞ്ചഗവ്യം) ഉപയോഗിച്ച് മരുന്ന് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഈ പദ്ധതി ആരംഭിച്ചത്. എട്ട് കോടി രൂപയാണ് ഇതിനായി സർവകലാശാല ആവശ്യപ്പെട്ടതെങ്കിലും സർക്കാർ 3.5 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഒരു ദശാബ്ദം പിന്നിട്ടിട്ടും ഗവേഷണത്തിൽ നിന്ന് കാര്യമായ ഫലങ്ങളൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, അനുവദിച്ച ഫണ്ട് വിനിയോഗിച്ചതിൽ വലിയ തോതിൽ ദുരൂഹത നിലനിൽക്കുന്നതായും പരാതി ഉയർന്നു.
Also read; ഒഡീഷയിലെ റൂർക്കലയിൽ വിമാനം തകർന്നു വീണ് അപകടം: ആറ് പേർക്ക് പരുക്ക്
ചെലവ് പട്ടികയിൽ ‘അനവശ്യ’ വസ്തുക്കളും: അന്വേഷണ സംഘം കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. ഗവേഷണവുമായി യാതൊരു ബന്ധവുമില്ലാത്ത വസ്തുക്കൾ പോലും ചെലവ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപകരണങ്ങൾ വാങ്ങിയതിലും ദൈനംദിന ചെലവുകളിലും കൃത്രിമം നടന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗവേഷണത്തിന്റെ ശാസ്ത്രീയമായ നേട്ടങ്ങളെക്കാൾ ഉപരിയായി പണം ധൂർത്തടിക്കാനാണ് ശ്രമം നടന്നതെന്നാണ് പ്രാഥമിക നിഗമനം.പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഗവേഷകരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ശാസ്ത്രീയമായ അടിത്തറയില്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ച് സർക്കാർ ഖജനാവ് കൊള്ളയടിക്കാനുള്ള നീക്കമാണോ നടന്നതെന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ വിവാദമായും ഈ വിഷയം മാറിക്കഴിഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

