
ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന് നേരെ രൂക്ഷ വിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ ബോധപൂർവ്വം വിമാനകമ്പനികളുമായി ചേർന്ന് നടത്തിയ ആകാശ കൊള്ളയാണിതെന്നും ബോധപൂർവ്വം സൃഷ്ടിച്ച ഈ പ്രതിസന്ധിക്ക് സർക്കാർ മറുപടി പറയണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി അടക്കം പാർലമെൻറിൽ ഉന്നയിച്ചിരുന്നു. ഇത്തരം പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ ഒടുവിൽ വിമാനം റദ്ദാക്കലുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍ കമ്പനിക്ക് കര്‍ശന നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം.
വിമാനം റദ്ദാക്കുകയോ തടസ്സപ്പെടുകയോ ചെയ്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്കുള്ള റീഫണ്ടിങ് നടപടികള്‍ ഞായറാഴ്ച രാത്രിക്കകം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രം നിർദേശം നൽകി. റിഷെഡ്യൂളിന് അധിക ചാര്‍ജ് ഈടാക്കരുതെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്. അതേസമയം ഡിജിസിഎയുടെ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി ഉത്തരവിനെത്തുടർന്ന് രാജ്യവ്യാപകമായി വിമാനസർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്നുണ്ടായ നിരക്ക് കൊള്ളയും അന്വേഷിക്കാൻ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയോ ജുഡീഷ്യല്‍ കമ്മീഷനോ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പ്രധാനമന്ത്രിക്ക് കത്തെഴുതി.
വ്യോമയാന മേഖലയിലെ നിയന്ത്രണം, സുരക്ഷാ മാനദണ്ഡങ്ങളിൽ വെള്ളം ചേർക്കൽ, വിമാനക്കമ്പനികളുടെ അനിയന്ത്രിതമായ ലാഭക്കൊതി, വ്യക്തമായ നിയമപരമായ അധികാരങ്ങളും പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശകൾ തുടങ്ങിയവയൊക്കെ ഉണ്ടായിരുന്നിട്ടാണ് നടപടിയെടുക്കാൻ സർക്കാർ നിരന്തരം വിസമ്മതിക്കുന്നത് എന്നിവ എംപി കത്തിൽ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തത്തിന്റെ ഗുരുതരമായ വ്യവസ്ഥാപിത തകർച്ചയാണ് ഇപ്പോൾ നടന്ന സംഭവം. യാത്രക്കാരെ സംരക്ഷിക്കുന്നതിനും പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിനും ഉടനടി നടപടികളും സമയബന്ധിതമായ അന്വേഷണവും നടത്തണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, തുടര്‍ച്ചയായ അഞ്ചാം ദിവസവും യാത്രക്കാരെ ഇന്‍ഡിഗോ വലച്ചു. മുന്നൂറിലധികം സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

