
ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ സുരക്ഷാ സേനയുടെ പരിശോധന തുടരുന്നു. കത്വാ, കിഷ്ത്വാർ, എന്നിവിടങ്ങളിൽ എടിഎസിന്റെ നേതൃത്വത്തിലുള്ള പരിശോധനയും നടക്കും. മേഖലകളിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് രഹസ്യ അന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് ഇന്നലെയാണ് മേഖലയിൽ പരിശോധന ശക്തമാക്കിയത്.
ദില്ലിയിലും കനത്ത ജാഗ്രത തുടരുകയാണ്. ചെങ്കോട്ടക്ക് സമീപത്തെ ആരാധനാലയങ്ങളെ ലഷ്കർ – ഇ – തൊയ്ബ ലക്ഷ്യം വെക്കുന്നതായുള്ള വിവരം പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണ് ദില്ലിയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ചെങ്കോട്ടയ്ക്കും ചന്ദ്‌നി ചൗക്കിലെ ക്ഷേത്രങ്ങൾക്കും നേരെയാണ് ഭീകരവാദികള്‍ ആക്രമണം നടത്താൻ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. മതകേന്ദ്രങ്ങളെയും പൈതൃക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്.
കൂടാതെ രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ആക്രമണം നടത്താൻ ഭീകരർ ലക്ഷ്യമിടുന്നതായും ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിൽ ദില്ലി പൊലീസും കേന്ദ്ര സുരക്ഷാ ഏജൻസികളും രാജ്യത്ത് നിരീക്ഷണം കടുപ്പിച്ചിട്ടുണ്ട്. തിരക്കേറിയ ഇടങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്. മാത്രമല്ല, വാഹന പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

