
പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് രാജ്യസഭയിൽ ശക്തമായി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി. ഈ നിയമങ്ങൾ തൊഴിലാളികളുടെ അവകാശങ്ങളെയും അന്തസ്സിനെയും തകർക്കുമെന്നും “കോർപ്പറേറ്റ് ജംഗിൾ രാജിന്” വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിഎംഎസിൽ നിന്നും ബിജെപിയുടെ ചില വിഭാഗങ്ങളിൽ നിന്നും കടുത്ത എതിർപ്പുണ്ടായിട്ടും പാർലമെന്റിൽ ശരിയായ ചർച്ചയില്ലാതെയാണ് ഈ നിയമങ്ങൾ തിടുക്കത്തിൽ പാസാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസംഗത്തിനിടെ “ഡൗൺ വിത്ത് കോർപ്പറേറ്റ് ജംഗിൾ രാജ്,” “ഡൗൺ മോദി രാജ്” തുടങ്ങിയ മുദ്രാവാക്യങ്ങളും അദ്ദേഹം ഉയർത്തി.
തൊഴിലാളികളുടെ കഷ്ടപ്പെട്ട് നേടിയ അവകാശങ്ങൾ ഈ നിയമങ്ങളിലൂടെ നഷ്ടപ്പെടുത്തുകയാണ്. പുതിയ തൊഴിൽ കോഡുകൾ പ്രകാരം 12 മണിക്കൂർ ഷിഫ്റ്റിന് വ്യവസ്ഥ ചെയ്യുന്നു. 1886-ലെ ചിക്കാഗോ സമരത്തിലൂടെ നേടിയ എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം എന്ന ചരിത്രപരമായ പോരാട്ടം മറക്കരുത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പുതിയ കോഡുകൾ പ്രകാരം, നിയമ പരിരക്ഷ ലഭിക്കുന്ന സ്ഥാപനങ്ങളുടെ പരിധി ഉയർത്തിയതിനാൽ, 70 ശതമാനം സ്ഥാപനങ്ങളും 74 ശതമാനം തൊഴിലാളികളും ദുർബല വിഭാഗത്തിലായി, നിയമപരിരക്ഷക്ക് പുറത്താകും.
പുതിയ ലേബർ കോഡുകൾ പണിമുടക്കാനുള്ള തൊഴിലാളികളുടെ മൗലികാവകാശത്തെ ദുർബലപ്പെടുത്തുന്നു. ഒരു സമരം ആരംഭിക്കുന്നതിന് മുമ്പ് തൊഴിലാളികൾ 60 ദിവസത്തെ കാത്തിരിപ്പ് കാലവും അതിനുശേഷം 14 ദിവസത്തെ കൂളിംഗ് ഓഫ് പിരീഡും പാലിക്കണമെന്ന് നിയമത്തിൽ പറയുന്നു.
ലേബർ കോഡുകൾ ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം, കർഷക ബില്ലിനും അടുത്തിടെ അവതരിപ്പിച്ച സഞ്ചാർ സാഥി (Sanjar Sati) ഉണ്ടായ ഗതിയായിരിക്കും ഈ നിയമങ്ങൾക്കും ഉണ്ടാവുക എന്ന് ബ്രിട്ടാസ് സർക്കാരിന് മുന്നറിയിപ്പ് നൽകി. തൊഴിലാളികൾ പ്രക്ഷോഭത്തിന്റെയും പ്രതിഷേധത്തിന്റെയും പാതയിലാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ഐ.എൻ.ഡി.ഐ.എ. (INDIA) ബ്ലോക്ക് പാർട്ടികൾ പാർലമെന്റിന് മുന്നിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയിട്ടുണ്ടെന്നും ഓർമ്മിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


