
കർണാടകയിൽ സിദ്ധരാമയ്യ ശിവകുമാർ അധികാര തർക്കം എങ്ങനെ പരിഹരിക്കുമെന്ന ആശയക്കുഴപ്പത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി സ്ഥാനം വിട്ടു നൽകേണ്ടെന്ന ഉറച്ച നിലപാടിലാണ് സിദ്ധരാമയ്യ. പ്രശ്ന പരിഹാരത്തിനായി സിദ്ധരാമയ്യയെയും, ഡി കെ ശിവകുമാറിനെയും കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ ദില്ലിയിലേക്ക് വിളിപ്പിക്കും. മുഖ്യമന്ത്രി സ്ഥാനത്തിൽ രണ്ടര വർഷമെന്ന ധാരണ പാലിക്കാൻ സിദ്ധരാമയ്യ തയ്യാറാകാത്തതാണ് കർണാടക കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്.
ഇരുവരുമായി നടത്തുന്ന ചർച്ചയിൽ പ്രശ്നപരിഹാരം കാണാമെന്ന വിശ്വാസത്തിൽ ആണ് നേതൃത്വം. അതേസമയം രണ്ടര വർഷം കഴിയുമ്പോൾ മുഖ്യമന്ത്രി സ്ഥാനം മാറുമെന്ന ധാരണ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് DK ശിവകുമാർ അനുകൂലികൾ. എന്നാൽ നേതൃത്വവുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും തനിക്ക് ഒരു ധൃതിയുമില്ലെന്നുമാണ് ഡി കെ ശിവകുമാർ പ്രതികരിച്ചത്.
സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറേണ്ടെന്ന നിലപാടിലാണ് സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ. തിങ്കളാഴ്ചക്കുള്ളിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. ഡി കെ ശിവകുമാറിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യവുമായി ജി പരമേശ്വരയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സമൂഹമാധ്യമങ്ങളിലൂടെ നേതാക്കൾ പരസ്പരം പരോക്ഷ വിമർശനം നടത്തുന്നത് കോൺഗ്രസ് ദേശീയ നേതൃത്വത്തെ വെട്ടിലാക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

