
കാലികളെ കൊണ്ടുപോയ വാഹനത്തെ പിന്തുടർന്ന് വെടിയുതിർത്ത് കർണാടക പൊലീസ്. നിയമവിരുദ്ധമായി കന്നുകാലികളെ കടത്തിയെന്നാരോപിച്ചാണ് പൊലീസ് വെടിയുതിർത്തത്.
ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലാണ് സംഭവം. പത്തോളം കന്നുകാലികളുമായി സഞ്ചരിച്ച കാസർഗോഡ് സ്വദേശിയുടെ വാഹനത്തിന് നേരെയാണ് പൊലീസ് വെടിയുതിർത്തത്. സബ് ഇൻസ്പെക്ടർ വാഹനത്തിന് നേരെ ഒരു തവണ വെടിയുതിർത്തതായും മറ്റൊരു റൗണ്ട് ഡ്രൈവറുടെ കാലിൽ ഇടിച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഒരാൾ അറസ്റ്റ് ഒഴിവാക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് വെടിയുതിർത്തതായി ഉദ്യോഗസ്ഥർ ഇതിനെ ന്യായീകരിച്ചു. അതേസമയം വാഹനം നിർത്താൻ സൂചന നൽകിയപ്പോൾ വേഗത്തിൽ ഓടിച്ചുപോയതായും, തുടർന്ന് ഏകദേശം 10 കിലോമീറ്റർ ദൂരത്തേക്ക് പിന്തുടർന്നതായും പൊലീസ് വിശദീകരിച്ചു.
കർണാടക ഗോവധ നിരോധന നിയമപ്രകാരം ബെല്ലാരെ പോലീസ് സ്റ്റേഷനിൽ ചാർജ് ചെയ്ത ഒരു കേസിൽ പ്രതിയായ വ്യക്തിക്കാണ് വെടിയേറ്റത് എന്നാണ് പൊലീസ് പറയുന്നത്. വെടിയേറ്റയാളെ ചികിത്സയ്ക്കായി മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

