കേന്ദ്ര സർക്കാർ സഹായമില്ലാതെ കഴിഞ്ഞ 9 വർഷം കേരളം വളർന്നു, ഇനിയും വളരും: എ എ റഹീം എംപി

aa-rahim-mp

അപ്രഖ്യാപിത സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും കഴിഞ്ഞ 9 വർഷങ്ങളിൽ കേരളം വളർന്നത് പോലെ കേന്ദ്ര സർക്കാരിൻ്റെയും ബിജെപി യുടെയും സഹായമില്ലാതെ ഇനിയും കേരളം വളരുമെന്ന് ബഡ്ജറ്റിന്മേലുള്ള പൊതു ചർച്ചയിൽ പങ്കെടുത്ത് എ എ റഹീം എംപി പറഞ്ഞു.

ഇഎംഐ, സിബിൽ സ്കോർ, ടാർഗറ്റുകൾ എന്നീ മൂന്ന് ദു:സ്വപ്നങ്ങളാണ് ഇന്ത്യയിലെ യുവതയെ പിന്തുടരുന്നത്. രാജ്യത്ത് തൊഴിലില്ലായ്മയും, ജീവിത ചിലവും വർദ്ധിച്ച് കൊണ്ടിരിക്കുന്നു. 1991 ലെ കോൺഗ്രസ് സർക്കാർ തുടങ്ങി വെച്ചതും, ബിജെപി സർക്കാർ ശക്തമായി തുടർന്ന് പോകുന്നതുമായ നവ ഉദാരവൽക്കരണ നയങ്ങളാണ് ഇതിൻ്റെ മൂല കാരണം. രാജ്യത്ത് കരാർവൽക്കരണവും സ്വകാര്യവൽക്കരണവും വർദ്ധിക്കുന്നു. അഗ്നിവീറിലൂടെ സൈന്യത്തെ പോലും കേന്ദ്രസർകാർ കരാർവൽക്കരിച്ചു.

2025 ലെ ഇക്കണോമിക് സർവേ സ്ഥിരം തൊഴിലുകൾ 22.8% ൽ നിന്നും 21.7%മായി വർദ്ധിച്ചു എന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ വർഷം അതിനെപ്പറ്റി ഇക്കണോമിക് സർവേ മൗനം പാലിച്ചു. സ്ഥിരം തൊഴിലുകൾ കുറക്കുന്നതിലൂടെ പൊതു മേഖലയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതുവഴി യുവാക്കളെ അസംഘടിത മേഖലയിലേക്ക് തള്ളി വിടുന്നു.

Also read: അമിത വിമാനക്കൂലി: ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടി രാജ്യത്തെ സിവിൽ ഏവിയേഷൻ രം​ഗത്തെ ​ഗുരുതര വീഴ്ചകൾ തുറന്നുകാട്ടുന്നു

അസംഘടിത മേഖലയിൽ യുവാക്കൾ ചൂഷണം ചെയ്യപ്പെടുന്നു. ഐ ടി അടക്കമുള്ള സ്വകാര്യ മേഖലയിലും പൊതുമേഖലാ ബാങ്കിങ്ങിലും അമിത ജോലിഭാരവും ടാർഗറ്റുകളും കാരണം യുവാക്കൾ കഷ്ടപ്പെടുന്നു. അമിത ജോലി ഭാരം മൂലമുള്ള സമ്മർദ്ദം കാരണം ആത്മഹത്യ ചെയ്ത അന്ന സെബാസ്റ്റ്യനെ നമുക്ക് ആർക്കും മറക്കാൻ സാധിക്കില്ല. ഗിഗ് ഇക്കോണമി വികസിച്ചു കൊണ്ടിരിക്കുകയാണ്. സംഘടിത മേഖല തകരുന്നതിൻ്റെ പ്രത്യാഘാതമാണിത്. കരാർവൽക്കരണം തടയണമെന്നും, നിലവിൽ ഒഴിഞ്ഞു കിടക്കുന്ന എല്ലാ തസ്തികകളും നികത്തണമെന്നും ചർച്ചയിൽ എ എ റഹീം എംപി ആവശ്യപ്പെട്ടു.

കേരളം കടക്കെണിയിലാണെന്ന് ബിജെപിയും കോൺഗ്രസും വ്യാജ പ്രചരണം നടത്തുകയാണ്. കേന്ദ്ര സർക്കാരിൻറെ കടം ,₹197,180,16 കോടിയിൽ നിന്നും 214,820,50 കോടി രൂപയായി വർധിക്കുമെന്ന് ബജറ്റ് രേഖകൾ പറയുന്നു. ജിഡിപിയുടെ 56% ആണത്. എന്നാൽ കേരളത്തിൻ്റെതാകട്ടെ കേവലം 38.47%വും. അതേ സമയം ജമ്മു കശ്മീർ 51%, അരുണാചൽ പ്രദേശ് 45.9%, പഞ്ചാബ് 44.5%, ഹിമാചൽ 40.5 % എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ജിഎസ്ഡിപി- കട അനുപാതം.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി കേരളത്തിന് എയിംസ് അനുവദിക്കും എന്നായിരുന്നു എല്ലായിടങ്ങളിലും പോയി പ്രസംഗിച്ചത്. വെറും പൊള്ളയായ വാഗ്ദാനമായിരുന്നു അത്. മുൻമന്ത്രി കൂടിയായ കേരള ബിജെപി അധ്യക്ഷൻ പറഞ്ഞത്, കേരളത്തിൽ ബിജെപിയെ തിരഞ്ഞെടുക്കാത്തോളം കേന്ദ്ര സർക്കാർ ഒരു രൂപ പോലും തരില്ല എന്നാണ്. ഇതാണോ ഫെഡറലിസം. ഇതുവരെ ബിജെപി ഇല്ലാതെയാണ് കേരളം വളർന്നതെന്നും ഇനിയും വളരുമെന്നും ബഡ്ജറ്റിന്മെലുളള ചർച്ചയിൽ പങ്കെടുത്ത് എ എ റഹീം എംപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News