
കൊൽക്കത്തയിൽ കാർ ബൈക്കിലേക്ക് ഇടിച്ചുകയറി 22 കാരനായ യുവാവിന് ദാരുണാന്ത്യം. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഏരിയയിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ അപകടത്തിലാണ് ഡെലിവറി ഏജന്‍റായ സൗമൻ മണ്ഡല്‍ മരിച്ചത്. രക്ഷാപ്രവർത്തനത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തി. അപകടം നടന്ന് 12 മണിക്കൂർ കഴിഞ്ഞിട്ടും അപകടമുണ്ടാക്കിയവരെ പൊലീസ് അറസ്റ്റ് ചെയ്യാത്തതും പ്രതിഷേധം ആളിക്കത്തിച്ചിട്ടുണ്ട്.
ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കവേയാണ് പാഞ്ഞെത്തിയ ഒരു കാർ യുവാവിനെ ഇടിച്ചിട്ടത്. വാഹനം ബൈക്കിലേക്ക് ഇടിച്ചുകയറുകയും യുവാവ് കാറിന്‍റെ ബോണറ്റിനും റോഡരികിലുള്ള റെയിലിങ്ങിനുമിടയിൽ കുടുങ്ങുകയുമായിരുന്നു. ഇയാളുടെ കാലിൽ കൂർത്ത ഒരു വസ്തു തുളച്ചുകയറിയതും സ്ഥിതി കൂടുതൽ വഷളാക്കി. കാറിലുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൗമനെ പൊലീസ് രക്ഷപ്പെടുത്തിയില്ല. അപകടത്തിന് പിന്നാലെ സൗമനെ ഇടിച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ശരീരത്തിൽ തീപടർന്ന സൗമൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സൗമന്‍റെ മരണത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിൽ പൊലീസ് വൻ വീഴ്ച വരുത്തിയെന്ന ആരോപണവുമായി കുടുംബവും ദൃക്സാക്ഷികളും രംഗത്തെത്തി. സൗമനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനുപകരം സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വീഡിയോകൾ പകർത്തുന്ന തിരക്കിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാറിന് തീ പിടിച്ചിട്ടും അഗ്നിരക്ഷാസേന എത്തിയത് വൈകിയാണെന്ന ആരോപണവും നാട്ടുകാർ ഉന്നയിച്ചു. അപകടം നടന്ന് 12 മണിക്കൂർ കഴിഞ്ഞിട്ടും ഇടിച്ച കാറിന്‍റെ ഉടമസ്ഥരെ അറസ്റ്റ് ചെയ്യാത്തതിലും കുടുംബവും നാട്ടുകാരും പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

