
ഇന്ത്യയിലെ നിയമസംവിധാനങ്ങളെയും അന്വേഷണ ഏജൻസികളെയും പരസ്യമായി പരിഹസിച്ച് വിവാദ വ്യവസായി ലളിത് മോദി. ലണ്ടനിൽ വിജയ് മല്യയുടെ പിറന്നാൾ വിരുന്നിനിടെ പകർത്തിയ വീഡിയോയിലാണ് താനും മല്യയും ഇന്ത്യയിലെ ‘ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ’ (Biggest Fugitives) എന്ന് ലളിത് മോദി വിശേഷിപ്പിച്ചത്. ലളിത് മോദി തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ വൻ വിമർശനങ്ങൾ ആണ് ഉയർന്നിരിക്കുന്നത്.
ഇന്ത്യൻ നിയമസംവിധാനത്തെയും സിബിഐ (CBI), ഇഡി (ED) തുടങ്ങിയ അന്വേഷണ ഏജൻസികളെയും ഇവർ വെല്ലുവിളിക്കുകയാണെന്ന് പലരും അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ നിയമസംവിധാനം ലജ്ജിക്കണമെന്നും ഇത്തരമൊരു വീഡിയോ ചെയ്യാൻ അവർ ധൈര്യം കാണിച്ചത് അധികൃതരുടെ വീഴ്ചയാണെന്നും വിമർശനങ്ങളുണ്ട്.
വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതും കള്ളപ്പണം വെളുപ്പിക്കൽ കേസുകളും നേരിടുന്ന ലളിത് മോദി 2010-ലാണ് ഇന്ത്യ വിട്ടത്. ഐപിഎല്ലുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും 125 കോടി രൂപയുടെ കൈക്കൂലി ഇടപാടുകളും ഇദ്ദേഹത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നുണ്ട്.
മറുഭാഗത്ത്, 2016 മുതൽ യുകെയിൽ കഴിയുന്ന വിജയ് മല്യയെ 2019 ജനുവരിയിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തന്നെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്തും 2018-ലെ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തും മല്യ ബോംബെ ഹൈക്കോടതിയിൽ ഹർജികൾ നൽകിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലേക്ക് എപ്പോൾ തിരിച്ചു വരുമെന്ന് വ്യക്തമാക്കണമെന്നും നേരിട്ട് ഹാജരായില്ലെങ്കിൽ ഹർജി പരിഗണിക്കില്ലെന്നും ബോംബെ ഹൈക്കോടതി കഴിഞ്ഞ ചൊവ്വാഴ്ച മല്യയുടെ അഭിഭാഷകനെ അറിയിച്ചിരുന്നു. തങ്ങളെ പിടികൂടാൻ ശ്രമിക്കുന്ന ഇന്ത്യൻ അധികൃതരെ തികഞ്ഞ പുച്ഛത്തോടെയാണ് ഇരുവരും കാണുന്നതെന്ന സൂചനയാണ് പുതിയ വീഡിയോ നൽകുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

