
മഹാരാഷ്ട്രയിലെ ദഹാനു തഹസിലിലെ ചരോടിയിൽ നിന്നാരംഭിച്ച ലോങ് മാർച്ച് തിങ്കളാഴ്ച രാത്രി മനോറിൽ തങ്ങിയാണ് കഴിഞ്ഞ ദിവസം വൈകിട്ട് പാൽഘർ ജില്ലാ കളക്ടറേറ്റിലെത്തിയത്. എന്നാൽ ഇവിടേക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. നിവേദനം നൽകാൻ പോലും അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് അനശ്ചിത കാല സമരം പ്രഖ്യാപിച്ചത്. രണ്ട് ദിവസങ്ങളായി കാൽനടയായി എത്തിച്ചേർന്ന ലോങ്ങ് മാർച്ചിൽ ഏകദേശം 50,000 പേരാണ് അണി നിരന്നത്. ഇതിൽ 25,000-ത്തിലധികം പേർ സ്ത്രീകളാണ്.നിരവധി പേർക്ക് കാലുകൾ വിണ്ടുകീറി.
പലർക്കും തലകറക്കം അനുഭവപ്പെട്ടു. എന്നാൽ, ഇത്ര വലിയ ജനാവലിയ്ക്കായി ഒരു ആംബുലൻസു പോലും ഭരണകൂടം ഒരുക്കിയിട്ടില്ലെന്നത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടം നൽകി. അനശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ എത്ര ദിവസം ഇവിടെ കഴിയേണ്ടി വരുമെന്നതിൽ ധാരണയില്ല. പ്രാഥമിക സൗകര്യങ്ങൾ, ഫോൺ ചാർജിംഗ്, നെറ്റ്‌വർക്ക് തുടങ്ങി ഗ്രാമീണ മേഖലയിലെ പരിമിതികൾ നിരവധിപേരെ ബുദ്ധിമുട്ടിലാക്കും.വനാവകാശനിയമം, പഞ്ചായത്ത് നിയമം (പെസ) എന്നിവ സംബന്ധിച്ച് ദീർഘകാലമായി നിലനിൽക്കുന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് പാൽഘർ ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നായി 50,000-ത്തോളം പേർ പങ്കെടുക്കുന്ന ‘ലോങ് മാർച്ച്’ സിപിഎം തിങ്കളാഴ്ച ആരംഭിച്ചത്ക്ഷേത്രഭൂമി, സർക്കാർഭൂമി എന്നിവയെല്ലാം യഥാർഥ കൃഷിക്കാരുടെപേരിൽ വിട്ടുകൊടുക്കുക, തൊഴിലുറപ്പുപദ്ധതി പുനഃസ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, ‘സ്മാർട്ട് മീറ്റർ’ പദ്ധതി റദ്ദാക്കുക, ലേബർ കോഡുകൾ റദ്ദാക്കുക, നിർദിഷ്ട വാധാവൻ, മുർബെ തുറമുഖ പദ്ധതികൾ നിർത്തലാക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങളെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാൻ സഭാ ദേശീയ പ്രസിഡന്റുമായ അശോക് ധാവ്‍ളെ പ്രസ്താവനയിൽ പറഞ്ഞു.
Also read; മഹാരാഷ്ട്രയിൽ സിപിഐ(എം) ലോങ്ങ് മാർച്ച്: വൻ ജനപങ്കാളിത്തത്തോടെ വീണ്ടും തുടക്കമായി
മഹാരാഷ്ട്രയിൽ വാധവൻ തുറമുഖം പാൽഘറിലെ ജനങ്ങളുടെ പരിസ്ഥിതിക്കും ഉപജീവനമാർഗ്ഗത്തിനും ഭീഷണിയാണെന്നും, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം നശിപ്പിക്കുന്നതിനാൽ പദ്ധതി നിർത്തലാക്കണമെന്നും കിസാൻ സഭ ദേശീയ അധ്യക്ഷൻ ആവശ്യപ്പെട്ടു .വലിയൊരു വിഭാഗം സ്ത്രീകൾ അടങ്ങുന്ന ധർണയിൽ മഹാരാഷ്ട്രയിലെ ഡബിൾ എൻജിൻ സർക്കാരിനെതിരെയുള്ള ജനരോഷം കാണാനായെന്നും, അവകാശങ്ങൾ നേടിയെടുക്കാതെ പിന്നോട്ടില്ലെന്നും സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണൻ പ്രഖാപിച്ചു. തീരുമാനം വൈകിയാൽ ജാഥ മുംബൈയിലേക്ക് നയിക്കുമെന്നും കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

