
വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ കടന്നുകയറ്റത്തെ അപലപിക്കാൻ തയ്യാറാകാത്ത നരേന്ദ്ര മോദി സർക്കാരിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. അമേരിക്ക നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും, അതിനെതിരെ പ്രതികരിക്കാത്ത ഇന്ത്യയുടെ നിലപാട് അപലപനീയമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
അമേരിക്ക എന്ന പേര് പോലും പരാമർശിക്കാതെ ഇന്ത്യ പുറപ്പെടുവിച്ച ‘അഴകോഴമ്പൻ’ പ്രസ്താവന രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ അമേരിക്കയ്ക്ക് കീഴ്‌വഴങ്ങുന്നത് ദൗർഭാഗ്യകരമാണെന്നും, മോദി സർക്കാർ അമേരിക്കയുടെ ഒരു ‘കാര്യസ്ഥനെ’ പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിലൂടെ ലോകരാഷ്ട്രങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിൽ (Global South) ഇന്ത്യയ്ക്കുണ്ടായിരുന്ന നേതൃസ്ഥാനം മോദി സർക്കാർ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ALSO READ: ആന്റണി രാജു അയോഗ്യൻ; വിജ്ഞാപനമിറക്കി കേരള നിയമസഭ സെക്രട്ടറിയേറ്റ്
ഡൊണാൾഡ് ട്രംപിന് മുന്നിൽ ഇന്ത്യയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്നും അമേരിക്കയുമായി ഇടപെടുമ്പോൾ അദ്ദേഹം ഒരു തരം പരിങ്ങൽ പ്രകടിപ്പിക്കുന്നുണ്ടെന്നും ബേബി വിമർശിച്ചു. നിലവിലെ ഈ ലജ്ജാകരമായ നിലപാട് മാറ്റി കടന്നുകയറ്റത്തെ ശക്തമായി അപലപിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

